അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയില്‍ പതിനാറാമത് ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയില്‍ പതിനാറമത് അമ്മന്നൂര്‍ അനുസ്മരണവും തുടര്‍ന്ന് ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ആരംഭിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ച അനുസ്മരണയോഗം കാലടിശ്രീ ശങ്കരാചാര്യ സംസ്കൃതയൂണിവേഴ്സിറ്റി വൈസ്ചാന്സിലര് ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. മാര്‍ഗിസജീവ് നാരായണ ചാക്യാര്‍ അമ്മന്നൂരിനെ അനുസ്മരിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ ആശംസ പ്രസംഗം നടത്തി. ടി.വി. ബാലകൃഷ്ണന് കലാമണ്ഡലം രവീന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി.
കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ. കണ്ണന് പരമേശ്വരന് ഗുരു അമ്മന്നൂര്‍ സ്മാരക പ്രഭാഷണമായി സഹകഥാപാത്രങ്ങള്‍ കൂടിയാട്ടത്തിലും കഥകളിയിലും എന്ന വിഷയം ആസ്പദമാക്കി പ്രഭാഷണം നടത്തി. ഗുരുകുലം പ്രസിഡന്റ് നാരായണന് നമ്പ്യാര്‍ സ്വാഗതവും ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് നന്ദിയും പറഞ്ഞു. യോഗത്തെ തുടര്‍ന്ന് നടന്ന അവിമാരകം കൂടിയാട്ടത്തില്‍ സൂരജ് നമ്പ്യാര്‍ കൗഞ്ചായനനായി രംഗത്ത് വന്നു. മിഴാവില്‍ കലാമണ്ഡലം രാജീവും കലാമണ്ഡലം ഹരിഹരനും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും താളത്തില്‍ ഗുരുകുലം ശ്രുതിയും ഗുരുകുലം അക്ഷരയും ചമയത്തില്‍ കലാമണ്ഡലം വൈശാഖും പങ്കെടുത്തു. രണ്ടാം ദിവസമായ ചൊവ്വാഴ്ച ഡോ. എ.ആര്. ശ്രീകൃഷ്ണന്റെ പ്രഭാഷണവും സുഭദ്രാധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടവും അരങ്ങേറും. കൂടിയാട്ടത്തില്‍ മാര്‍ഗി സജീവ് നാരയണ ചാക്യാര്‍ കൃഷ്ണനായും അമ്മന്നൂര്‍ മാധവ് ചാക്യാര്‍ ബലരാമനായും രംഗത്ത് എത്തും രൈവതക ഉദ്യാനത്തിലെത്തുന്ന രാമകൃഷ്ണന്മാര് ഉദ്യാനം കാണുന്നതും കൃഷ്ണനും സത്യഭാമയും കൂടിയുള്ള സംഭാഷണം കൃഷ്ണന് വിചാരിക്കുന്നതുമാണ് കഥാസന്ദര്‍ഭം