വേദനിക്കുന്ന വയനാടിന് ഒരു പവന്റെ മോതിരം നല്കി പൊറത്തിശേരി സ്വദേശി വി.സി. പ്രഭാകരന്
ഇരിങ്ങാലക്കുട: വേദനിക്കുന്ന വയനാടിന് തന്റെ കൈയ്യില്‍ കിടന്ന ഒരു പവന്റെ മോതിരം ഊരി നല്കി കൂടല്‍മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ പൊറത്തിശേരി സ്വദേശി വി.സി. പ്രഭാകരന്. ഒരുറക്കത്തിനിടയില്‍ എല്ലാം നഷ്ടപ്പെട്ട ചൂരല്‍മലയിലെ മനുഷ്യരുടെ പുനരധിവാസത്തിനായി കൈവിരലില്‍ നിന്ന് ഒരു പവന് തൂക്കം വരുന്ന മോതിരം ഊരി മന്ത്രിക്ക് നല്‍കുകയായിരുന്നു പൊത്തിശേരി വേങ്ങശേരി വീട്ടില്‍ വി.സി. പ്രഭാകരന്. മുന്‍ പാസ്പോര്‍ട്ട് ഓഫീസര്‍ കൂടിയായ വി.സി. പ്രഭാകരന് ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്.
സിപിഐ (എം) പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവും, കലാ സംസ്കാരിക നാടക പ്രവര്‍ത്തകനുമായ വി.സി. പ്രഭാകരനെ കാണുന്നതിനും ആരോഗ്യ വിവരങ്ങള്‍ തിരക്കുന്നതിനുമായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വീട്ടിലെത്തിയപ്പോഴാണ് വയനാട്ടിലെ മനുഷ്യര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സമര്‍പ്പിക്കുന്നതിനായി അദ്ദേഹം തന്റെ മോതിരം ഊരി നല്‍കിയത്. ചികിത്സയില്‍ തുടരുമ്പോഴും ഇത്രയും വലിയ സംഭാവന വയനാടിനായി നല്കാന് കാണിച്ച പ്രഭാകരന്റെ വലിയ മനസിനെ മന്ത്രി ഡോ. ആര്. ബിന്ദു പ്രത്യേകം അഭിനന്ദിച്ചു.