ഫര്‍ക്ക സമ്പൂര്‍ണ കുടിവെള്ള പദ്ധതി; റോഡരികില്‍ ഇട്ടിരിക്കുന്ന പൈപ്പുകള്‍ മാറ്റണമെന്നാവശ്യം
കാറളം: തീരദേശമേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിക്കായി റോഡരികില്‍ ഇട്ടിരിക്കുന്ന സ്റ്റീല്‍ പൈപ്പുകള്‍ മാറ്റണമെന്ന ഗ്രാമപ്പഞ്ചായത്തിന്റേയും താലൂക്ക് വികസന സമിതിയുടെയും നിര്‍ദേശവും പാലിക്കപ്പെട്ടില്ല. 2019 ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 84 കോടി ചെലവഴിച്ച് രണ്ടുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.
പദ്ധതിക്കായി കാറളം നന്തി താണിശേരി റോഡില്‍ ഇരുവശത്തുമായി 900 എംഎം സ്റ്റീല്‍ പൈപ്പുകള്‍ ഇറക്കിയെങ്കിലും അഞ്ചുവര്‍ഷമായിട്ടും പണി തുടങ്ങാന്‍ കഴിയാതിരുന്നതിനാല്‍ റോഡരികില്‍ കിടന്ന് ഇവയെല്ലാം തുരുമ്പെടുക്കുകയാണ്. മാത്രമല്ല, റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയുമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വണ്ടികള്‍ വരുമ്പോള്‍ യാത്രക്കാര്‍ക്ക് ഒതുങ്ങി നില്ക്കാന് പോലും കഴിയാത്ത സ്ഥിതിയാണ്.
പല തവണ നാട്ടിക വാട്ടര്‍ അഥോറിറ്റിക്ക് കത്ത് നല്‍കിയിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് താലൂക്ക് വികസന സമിതി യോഗത്തില്‍ വിഷയം ഉന്നയിച്ചതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് പറഞ്ഞു. താണിശേരി നന്തി റോഡ് നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പായി ഈ പൈപ്പുകള്‍ നീക്കിയില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. അതേസമയം പൈപ്പുകള്‍ റോഡില്‍നിന്ന് ഗുരുവായൂര്‍ നഗരസഭയുടെ പ്ലാന്റിലേക്ക് മാറ്റാനായി എസ്റ്റിമേറ്റ് എടുത്ത് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വാട്ടര്‍ അഥോറിറ്റി അറിയിച്ചു. അനുമതി കിട്ടിയാല്‍ റോഡില്‍നിന്ന് മാറ്റാന്‍ കഴിയും.