വഖഫ് അധിനിവേശത്തിനെതിരെ നടത്തുന്ന നിരാഹാര സമരത്തിന് ഇരിങ്ങാലക്കുട രൂപതയുടെ ഐക്യദാര്‍ഢ്യം
മുനമ്പം നിവാസികള്‍ക്ക് നീതി ലഭിക്കണം- മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: മുനമ്പം നിവാസികളായ 604 മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് അവരുട സ്വന്തം ഭൂമിയും കിടപ്പാടവും നഷ്ടപെടുന്ന വഖഫ് അധിനിവേശത്തിനെതിരെ ഭൂ സംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരത്തിന് ഇരിങ്ങാലക്കുട രൂപത ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള നിരാഹാര സമരത്തിന്റെ 13-ാം ദിനം ബിഷപ് മാര്‍. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.
മുനമ്പം നിവാസികള്‍ക്ക് നീതി ലഭിക്കണമെന്നും അവര്‍ ജനിച്ച മണ്ണില്‍ ജീവിക്കാന്‍ വേണ്ടി വഖഫ് ആക്ട് ദേദഗതി ചെയ്യണമെന്നും ബിഷപ് ആവശ്യപ്പെട്ടു. മുനമ്പം വേളങ്കണ്ണി കടപ്പുറം പള്ളി മുറ്റത്ത് സജ്ജീകരിച്ചിരിക്കുന്ന നിരാഹാര സമര വേദിയില്‍ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
വികാരി ജനറാള്‍മാരായ മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, രൂപത മൈനോരിറ്റി ഫോറം ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെകട്ടറിമാരായ ഡേവിസ് ഊക്കന്‍, ആനി ആന്റോ, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, കത്തീഡ്രല്‍ ഏകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍, രുപത പിആര്‍ഒ ജോസ് തളിയത്ത്, കോട്ടപ്പുറം രൂപത പ്രതിനിധി പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഭൂസംരക്ഷണ സമിതി ജന കണ്‍വീനര്‍ ബെന്നി ജോസഫ് സ്വാഗതവും മുനമ്പം പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ നന്ദിയും പറഞ്ഞു.