സംരംഭകത്വത്തിനായി മൂന്നു കോടി വായ്പ സഹായം നല്കി മുരിയാട് കുടുംബശ്രീ
മുരിയാട്: മുരിയാട് ഗ്രാമപ്പഞ്ചായത്ത് സിഡിഎസിലെ 40 ല്പരം അയല്കൂട്ടങ്ങള്ക്കായി മൂന്ന് കോടി രൂപയുടെ വായ്പ നല്കി സ്വയം തൊഴില് സംരംഭകത്വത്തില് കുതിച്ച് ചാട്ടത്തിനൊരുങ്ങുകയാണ് മുരിയാട് പഞ്ചായത്ത് കുടുംബശ്രീ. പിന്നോക്ക വികസന കോ ഓര്പ്പറേഷന്റെ സഹായത്തോടെ അഞ്ച് മുതല് ആറ് വരെ ശതമാനം പലിശക്കാണ് അയല് കൂട്ടങ്ങള്ക്ക് വായ്പ ലഭ്യമാക്കുന്നത്.
സംരംഭക വികസനവും സാമ്പത്തിക ശാക്തീകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് ഹാളില് നടന്ന ചടങ്ങ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡോ. യു. സലീല് ജില്ലാ മിഷന് കോ ഓര്ഡിനേറ്റര് മുഖ്യാതിഥിയായിരുന്നു.
സിഡിഎസ് ചെയര്പേഴ്സണ് സുനിതരവി സ്വാഗതവും, അസി. സെക്രട്ടറി പി.ബി. ജോഷി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണ സമിതി അംഗം തോമസ് തൊകലത്ത് എന്നിവര് സംസാരിച്ചു. ഭരണ സമിതി അംഗങ്ങളും സിഡിഎസ് അംഗങ്ങളും ആശംസകളര്പ്പിച്ചു.