ഭര്‍തൃവീട്ടുകാര്‍ എടുത്ത നൂറു പവന്റെമാര്ക്കറ്റ് വില കിട്ടാന്‍ ഭാര്യയ്ക്ക് അവകാശം

ഇരിങ്ങാലക്കുട: ഭര്‍തൃവീട്ടുകാര്‍ എടുത്ത 100 പവന് സ്വര്‍ണാഭരണങ്ങളുടെ മാര്‍ക്കറ്റ് വില ലഭിക്കുന്നതിനു ഭാര്യയ്ക്ക് അവകാശമുണ്ടെന്നു കോടതി വിധിച്ചു. ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും ഗ്യഹോപകരണങ്ങളും തിരികെ നല്‍കിയില്ലെന്നും മകള്‍ക്കും ഭാര്യയ്ക്കും ചെലവിനു നല്‍കുന്നില്ലെന്നും കാണിച്ച് കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി പാളയംകോട്ട് മുഹമ്മദ് ബഷീറിന്റെ മകള്‍ ഷൈന്മോള് നല്കിയ ഹര്‍ജിയിലാണ് ഇരിങ്ങാലക്കുട കുടുംബകോടതി വിധി പ്രസ്താവിച്ചത്.
ഭാര്യയുടെ 100 പവന് സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കുന്നതിനും ഭാര്യയ്ക്കും മകള്‍ക്കും 2014 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ 12,80,000 രൂപ നല്‍കുന്നതിനും ഭര്‍തൃവീട്ടുകാര്‍ കൈപ്പറ്റിയ എട്ടുലക്ഷം രൂപ തിരികെ നല്‍കുന്നതിനും ഗൃഹോപകരണങ്ങളോ അല്ലെങ്കില്‍ തത്തുല്യസംഖ്യയോ നല്‍കാനുമാണ് വിധി. ഷൈന്മോളും കാളത്തോട് പാളയംകോട്ട് ബഷീര്‍ മകന് ബോസ്കിയും തമ്മിലുള്ള വിവാഹം 2007 ഒക്ടോബര്‍ 21 നാണ് നടന്നത്. 2010ല്‍ മകള്‍ ജനിച്ചു.
കേസില്‍ ഹാജരായ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും സ്വര്‍ണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും ഭാര്യ പുനര്‍വിവാഹം കഴിച്ചതിനാല്‍ ഭാര്യയ്ക്കു ചെലവിനു ലഭിക്കുവാന്‍ അര്‍ഹതയില്ലെന്നും ഭാര്യയുടെ കൈവശം ഭര്‍തൃവീട്ടുകാരുടെ 58 പവന് സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെന്നും അതു തിരികെ വേണമെന്നും വാദിച്ചെങ്കിലും കോടതി വാദങ്ങള്‍ തള്ളി. ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജി റെനോ ഫ്രാന്‍സീസ് സേവ്യറാണ് വിധി പറഞ്ഞത്. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വക്കേറ്റുമാരായ പി.വി. ഗോപകുമാര്‍ (മാമ്പുഴ), കെ.എം. അബ്ദുള്‍ ഷുക്കൂര്‍, കെ.എം. കാവ്യ, എ. പയസ് ജോസഫ് എന്നിവര്‍ ഹാജരായി.