ജിഎംബിഎച്ച്എസ് സ്കൂള്‍ പ്രൊഡക്ഷന്‍ സെന്ററിന്റെ എല്‍ഇഡി ബള്‍ബിന്റെ വിതരണം

ഇരിങ്ങാലക്കുട ജിഎംബിഎച്ച്എസ് സ്കൂള്‍ പ്രൊഡക്ഷന്‍ സെന്റര്‍ നിര്‍മ്മിച്ച എല്‍ഇഡി ബള്‍ബിന്റെ വിതരണ ഉദ്ഘാടനം മന്ത്രി ഡോ. ആര് ബിന്ദു നിര്‍വ്വഹിക്കുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജിഎംബിഎച്ച്എസ് സ്കൂള്‍ പ്രൊഡക്ഷന്‍ സെന്റര്‍ നിര്‍മ്മിച്ച എല്‍ഇഡി ബള്‍ബിന്റെ വിതരണ ഉദ്ഘാടനം മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ട്ി ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ തന്നെ പ്രൊഡക്ഷന്‍ സെന്റര്‍ അനുവദിച്ച ഏക വിദ്യാലയമാണ് ഇരിങ്ങാലക്കുട ജിഎംബിഎച്ച്എസ്എസ്.
സാമാന്യ വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക പ്രാധാന്യമുള്ള ഉത്പാദന പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുക, തൊഴിലിനോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക, ഉത്തരവാദിത്വമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനായി പഠനത്തോടൊപ്പം സമ്പാദ്യവും എന്നതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത നിത്യോപയോഗ സാധനങ്ങള്‍ സ്കൂളുകളില്‍ തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്ത് ലാഭവിഹിതം നേടുക എന്നതാണ് പ്രൊഡക്ഷന്‍ സെന്ററുകളുടെ ലക്ഷ്യം. സ്കൂളിലെ സയന്‍സ് അധ്യാപകനായ ജയരാജ് മാസ്റ്ററുടെ നേതൃത്വത്തിലാണ് കുട്ടികള്‍ മൂന്നൂറോളം എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ചത്.