കൂടല്‍മാണിക്യം ഉത്സവം മേയ് എട്ടുമുതല്‍ 18 വരെ

കൂടല്‍മാണിക്യം ഉത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം മന്ത്രി ആര്. ബിന്ദു തന്ത്രി കുടുംബാംഗമായ അണിമംഗലത്ത് വല്ലഭന് നമ്പൂതിരിക്ക് കൈമാറി പ്രകാശനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം മേയ് എട്ടിന് കൊടിയേറി 18ന് രാപ്പാള്‍ കടവില്‍ ആറാട്ടോടെ സമാപിക്കും. ബ്രോഷര്‍ മന്ത്രി ആര്. ബിന്ദു തന്ത്രി കുടുംബാംഗമായ അണിമംഗലത്ത് വല്ലഭന് നമ്പൂതിരിക്ക് കൈമാറി പ്രകാശനം ചെയ്തു. കൂടല്‍മാണിക്യം കിഴക്കെ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷനായി. പ്രോഗ്രാം കണ്‍വീനര്‍ ഡോ. രാജേന്ദ്രന്, ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാര്‍, മുരളി ഹരിതം, അഡ്വമിനിസ്ട്രേറ്റര് ഉഷ നന്ദിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേയ് അഞ്ചിന് കിഴക്കെ നടപ്പുരയില്‍ കലവറ നിറയ്ക്കല്‍ നടക്കും. വൈകീട്ട് ക്ഷേത്രത്തില്‍ ശുദ്ധിക്രിയകള്‍ ആരംഭിക്കും. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ശുദ്ധിക്രിയകള്‍ക്ക് ശേഷം എട്ടിന് രാത്രി 8.10നും 8.40നും മധ്യേ കൊടിയേറ്റം നടക്കും. ഒമ്പതിന് കൊടിപ്പുറത്ത് വിളക്ക് ദിവസം വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ 2025ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യന് കലാനിലയം രാഘവന് സമ്മാനിക്കും. ആദ്യത്തെ വിളക്കെഴുന്നള്ളിപ്പ് അന്ന് നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 8.30ന് കാഴ്ചശ്ശീവേലിയും രാത്രി 9.30ന് വിളക്കെഴുന്നള്ളിപ്പും നടക്കും.
ഒമ്പതു മുതല്‍ ദിവസവും രാവിലെ 5.15നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തില്‍ കൊട്ടിപ്പാട സേവ, ശീവേലിക്കു ശേഷം നിത്യവും കിഴക്കെ നടപ്പുരയില്‍ ഓട്ടന്തുള്ളല്, വൈകീട്ട് കുലീപിനി തീര്ഥമണ്ഡപത്തില് പാഠകം, 6.30ന് പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടം, 4.30ന് സന്ധ്യാവേലപന്തലില് സോപാന സംഗീതം, 7.30ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പറ്റ് എന്നിവ നടക്കും. എല്ലാദിവസവും ഉച്ചയ്ക്ക് ശീവേലിക്കുശേഷം ക്ഷേത്രത്തിനകത്തെ പന്തലിലും പുറത്തുള്ള സ്പെഷ്യല്‍ പന്തലിലും കലാപരിപാടികള്‍ അരങ്ങേറും. മതില്‍ക്കെട്ടിനകത്തെ പന്തലില്‍ രാത്രി 12ന് കഥകളി അരങ്ങേറും.