ലോക റെക്കോര്‍ഡിന്റെ തിളക്കമാര്‍ന്ന രണ്ട് പൊന്‍തൂവല്‍ കൂടി കിരീടത്തില്‍ ചാര്‍ത്തി നടവരമ്പ് ഗവ. സ്കൂള്‍

നടവരമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലോക റെക്കോഡ് കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ശതാബ്ദി മന്ദിര പദ്ധതി പ്രഖ്യാപനവും മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നടവരമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 105 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ലോക റെക്കോഡിന്റെ തിളക്കമാര്‍ന്ന രണ്ട് പൊന്‍തൂവല്‍ കൂടി കിരീടത്തില്‍ ചാര്‍ത്തിയിരിക്കുകയാണ്. മാതൃവിദ്യാലയത്തെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തന മികവിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ രണ്ട് റെക്കോഡുകള്‍. വിദ്യാലയം ലോക റെക്കോഡ് കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും, സുവനീര്‍ പ്രകാശനവും, ശതാബ്ദി മന്ദിര പദ്ധതി പ്രഖ്യാപനവും മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാനും കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലറുമായ ടി.കെ. നാരായണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് വിശിഷ്ടാതിഥിയായിരുന്നു. പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് യു. പ്രദീപ് മേനോന് സ്വാഗതവും സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രാജേഷ് നന്ദിയും പറഞ്ഞു.