കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; എപ്രില്‍ 29 വരെ നിയമന നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി

കൂടല്‍മാണിക്യം ക്ഷേത്രം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമന വിഷയത്തില്‍ എപ്രില്‍ 29 വരെ നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന് എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. ഇതോടെ ലിസ്റ്റിലെ രണ്ടാമൂഴക്കാരനായ കെ.എസ്. അനുരാഗിനെ ഉടന്‍ നിയമിക്കാനാകില്ല. ഹര്‍ജി ഏപ്രില്‍ 29 ന് വീണ്ടും പരിഗണിക്കും. ഇക്കാര്യത്തില്‍ ദേവസ്വം അഭിഭാഷകന്റെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി.
ആചാരാനുഷ്ഠാനങ്ങള്‍ക്കും നിയമവ്യവസ്ഥയ്ക്കും വിരുദ്ധമായി വീണ്ടും ഒരാളെ കഴകം തസ്തികയില്‍ നിയമിക്കുവാനുള്ള കൂടല്‍മാണിക്യം ദേവസ്വം ഭരണ സമിതിയുടെ നീക്കത്തെ സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് അഡ്വ. ഭരതന് കോടതി മുമ്പാകെ ഉന്നയിച്ചത്. ക്ഷേത്രകഴകക്കാരെ നിശ്ചയിക്കാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഏകപക്ഷീയമായ അധികാരമില്ലെന്ന് തന്ത്രികുടുംബം വാദിച്ചു. മാലകെട്ട് ആചാരത്തിന്റെ ഭാഗമായതിനാല്‍ മാലക്കഴകക്കാരെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ തന്ത്രിമാരുടെ പ്രതിനിധിയുണ്ടാകണം.
ഇത് പാരമ്പര്യാവകാശമാണെന്നും ചൂണ്ടിക്കാട്ടി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് അഡ്വ. പി.ബി. കൃഷ്ണന് തന്ത്രിമാരുടെ സമ്മതമോ പങ്കാളിത്തമോ കൂടാതെയാണ് നിയമനനടപടി എന്ന വസ്തുത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹരികൃഷ്ണന്റെ ഹര്‍ജിയില്‍ വിശദമായ മറുപടി നല്കാന് ദേവസ്വം അഭിഭാഷകന് അഡ്വ. സുഗുണപാലന് സമയം ആവശ്യപ്പെടുകയും അടുത്ത വെള്ളിയാഴ്ചക്കുള്ളില്‍ മറുപടി ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കുകയുമായിരുന്നു.
എന്നാല്‍ ഹര്‍ജികളില്‍ വിശദവാദം നടക്കാനിരിക്കേ പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഈ കേസ് പരിഗണിക്കുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ടു പോവുകയില്ല എന്ന ദേവസ്വം അഭിഭാഷകന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ട് കേസ് എപ്രില്‍ 29 ലേക്ക് മാറ്റിവക്കുകയായിരുന്നു. വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.