സിസ്റ്റര്‍ ഡോ. വന്ദന സിഎച്ച്എഫിന്റെ സന്യസ്ത സുവര്‍ണ ജൂബിലി ആഘോഷം ഇന്ന്

സിസ്റ്റര്‍ ഡോ. വന്ദന സിഎച്ച്എഫ്.
ഇരിങ്ങാലക്കുട: സിസ്റ്റര്‍ ഡോ. വന്ദന സിഎച്ച്എഫിന്റെ സന്യസ്ത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഇന്ന് നടക്കും. രാവിലെ 10.30 ന് കയ്പമംഗലം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വച്ച് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. കയ്പമംഗലം സെന്റ് ജോസഫ് ഇടവകാംഗമായ കുറ്റിക്കാടന്‍ വറീത് മറിയംകുട്ടി ദമ്പതികളുടെ 11 മക്കളില്‍ നാലാമത്തെ മകളായി 1949 ജനുവരി 25 ന് ജനിച്ചു. സിസ്റ്റര്‍ മേരി കരോളിന് സിഎട്ട് എഫ്, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കയ്പമംഗലം, പെരിഞ്ഞനം എന്നീ സ്ഥലങ്ങളില്‍ സിസ്റ്ററിന്റെ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബിഎ പഠനവും തൃശൂര്‍ വിമല കോളജില്‍ പിജി പഠനവും പൂര്‍ത്തിയാക്കി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഒരു വര്‍ഷം ഇക്കണോമിക്സ് അധ്യാപികയായി സേവനമനുഷ്ഠിച്ചു. 1975 മെയ് അഞ്ചിനായിരുന്നു ആദ്യവ്രതാര്പ്പണം. 1981 മെയ് 25ന് നിത്യവ്രതാര്പ്പണം നടത്തി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഇക്കണോമിക്സ് അധ്യാപികയായി സേവനം അനുഷ്ഠിക്കവേ, കുസാറ്റ് കോളജില്‍ നിന്നും 1988ല്‍ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കി.
29 വര്‍ഷക്കാലം സെന്റ് ജോസഫ്സ് കലാലയത്തില്‍ ഇക്കണോമിക്സ് വിഭാഗം അധ്യാപികയായി സേവനം അനുഷ്ഠിച്ചു. ആറു വര്‍ഷത്തോളം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ സെല്‍ഫ് ഫൈനാന്‍സിംഗ് സെക്ഷന്റെ കോഡിനേറ്റര്‍ ആയി സ്തുത്യര്‍ഹമായ സേവനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്, ശാന്തിഭവന് ക്രിസ്തുജ്യോതി, ബാംഗ്ലൂര്‍, ഇന്‍ഡോര്‍, ഖുറായി, പൂവത്തിങ്കല്‍, പരിയാരം എന്നിവിടങ്ങളില്‍ സുപ്പീരിയര്‍ ആയും കോണ്‍വെന്റ് ട്രഷറര്‍ ആയും സിസ്റ്റര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.