യുവതിയെ സോഷ്യല്‍ മീഡിയകളിലൂടെ മോശമായി ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍, പോലീസ് പിടികൂടിയത് കാമുകിയുടെ വീട്ടില്‍ നിന്നും

സുമേഷ്.
ഇരിങ്ങാലക്കുട: യുവതിയെ സോഷ്യല്‍ മീഡിയകളിലൂടെ മോശമായി ചിത്രീകരിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയെ പത്തനംതിട്ടയില്‍ നിന്നും പിടികൂടി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുമേഷ് നിവാസില്‍ സുമേഷ് (34) എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയായ യുവതിയെ സോഷ്യല്‍ മീഡിയകളിലൂടെ സ്ഥിരമായി പിന്തുടര്ന്ന് ശല്യം ചെയ്യുകയും യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ അശ്ലീലമായും ആഭാസകരമായും പ്രതി പോസ്റ്റ് ചെയ്തിരുന്നുവെന്നാണ് പരാതി.
2021 ഉണ്ടായ സംഭവത്തിന് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൃത്യത്തിന് ശേഷം സുമേഷ് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി സുമേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സുമേഷിനെ പിടികൂടുന്നതിനായി നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ പത്തനംതിട്ട മൈലപ്രയിലുള്ള സുമേഷിന്റെ കാമുകിയുടെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ റൂറല്‍ ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എസ്.വൈ. സുരേഷ്, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വര്‍ഗീസ് അലക്സാണ്ടര്‍, എസ്ഐ അശോകന്, സിപിഒ മാരായ ഷിബു വാസു, വി.എസ്. അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സുമേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയെ സുമേഷിനെ റിമാന്‍ഡ് ചെയ്തു.