ഇരിങ്ങാലക്കുടക്കു അഭിമാനം; കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേട്ടവുമായി ഹരി കിഷന് ബൈജു

ഹരി കിഷന് ബൈജു.
സോഷ്യല്‍ മീഡിയയില്‍ അധികം സമയം ചിലവിടാറില്ല, പ്രവൃത്തി ദിനങ്ങളില്‍ നാല് മണിക്കൂറും മറ്റ് ദിനങ്ങളില്‍ എട്ട് മണിക്കൂറും പഠനം
ഇരിങ്ങാലക്കുട: കേരള എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷയില്‍ (കീം) ഇരിങ്ങാലക്കുട ശാന്തി നഗറില്‍ പോട്ടശ്ശേരി വീട്ടില്‍ ബൈജു രാജന്റെയും ജീനയുടെയും മകന് ഹരി കിഷനാണ് രണ്ടാം റാങ്ക് നേടിയിരിക്കുന്നത്. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. നേരത്തെ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ രാജ്യത്ത് 646 ാം റാങ്കും സംസ്ഥാനത്ത് ഏഴാം റാങ്കും നേടിയിരുന്നു. പത്താം ക്ലാസ് വരെ ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്കൂളില്‍ പഠിച്ച ഹരി കിഷന് പ്ലസ് ടു ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്. പ്ലസ് ടുവിന് 99.2% മാര്‍ക്ക് നേടിയിരുന്നു.
തൃശൂരിലെ ബ്രില്യന്റില് എന്‍ട്രന്‍സ് കോച്ചിംഗിന് രണ്ട് വര്‍ഷക്കാലം പോയിരുന്നു. ജെഇഇ റാങ്കിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഐഐടി യില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ അഞ്ച് വര്‍ഷത്തെ ഡ്യൂവല്‍ ഡിഗ്രി ബിടെക്കിന് ചേര്‍ന്നിട്ടുണ്ട്. ഈ മാസം 20ന് ക്ലാസുകള്‍ ആരംഭിക്കും. സോഷ്യല്‍ മീഡിയയില്‍ അധികം സമയം ചിലവിടാത്ത ഹരി കിഷന് പഠനത്തിനായി പ്രവൃത്തി ദിനങ്ങളില്‍ നാല് മണിക്കൂര്‍ വരെയും മറ്റ് ദിനങ്ങളില്‍ എട്ട് മണിക്കൂര്‍ വരെയും പഠനത്തിനായി മാറ്റിവയ്ക്കാറുണ്ട്. ഹിന്ദിക്കു മാത്രമാണ് ട്യൂഷന് ഉണ്ടായിരുന്നത്. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തായിരുന്നു പഠനം.

ഫിസിക്കല്‍ ഫിറ്റ്നെസില് ശ്രദ്ധ പുലര്‍ത്താറുണ്ട്. ഇതിനായി കരാട്ടെ പരിശീലിക്കുന്നുണ്ട്. സഹോദരി ദേവി നന്ദന ഹൈദരാബാദില്‍ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്. ചെറായി ജനത ബീച്ച് റോഡിലായിരുന്നു താമസം. രണ്ട് വര്‍ഷം മുമ്പാണ് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റിയത്. പിതാവ് ബൈജു യുഎഇ യില്‍ ഓയില്‍ കമ്പനിയില്‍ പ്രൊജക്ട് എന്‍ജിനീയറാണ്. അമ്മ ജീന ഇരിങ്ങാലക്കുട കാട്ടിക്കുളം കുടുംബാംഗമാണ്. മുത്തശി പുഷ്പാവതി ചെറായി ആര്‍വി യുപി സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ്. റാങ്ക് ലഭ്യമാക്കുന്നതില്‍ വീട്ടുകാരുടെയും സ്കൂളിലെ അധ്യാപകരുടെയും ഏറെ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നതായി ഹരി കിഷന് പറഞ്ഞു.
