മോഷണക്കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു

ഡെയ്സണ്‍.
ആളൂര്‍: മോഷണക്കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു. പുത്തൂര്‍ വെട്ടുകാട് സ്വദേശി കണ്ണംകുണ്ണി വീട്ടില്‍ ഡെയ്സണ്‍ (48) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2020 ജനുവരി 31 ന് പട്ടാപകല്‍ മുരിയാട് സ്വദേശിയും കുടുംബവും വീട് പൂട്ടി പുറത്ത് പോയ സമയം വീടിന്റെ പുറകു വശം വാതില്‍ കുത്തി പൊളിച്ച് വീടിനകത്തു കയറി ബെഡ് റൂമിലെ അലമാരകള്‍ കുത്തിപൊളിച്ചു ഒരു അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന്റെ സ്വര്‍ണാഭരണങ്ങളും 4000 രൂപയും മോഷണം നടത്തിയിരുന്നു. ആളൂര്‍ പോലീസ് 2020 മാര്‍ച്ച് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു.
പീന്നീട് ജാമ്യത്തിലറങ്ങിയ ഡെയ്സണ്‍ കോടതി നടപടികളില്‍ സഹകരിക്കാതെ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് ഡെയ്സണെ സംശയാസ്പദമായി കാണപ്പെട്ട് പോലീസ് ചോദ്യം ചെയ്ത് മേല്‍വിലാസം പരിശോധിച്ചതില്‍ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഉണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡെയ്സണ്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലും ഒരു മോഷണക്കേസുണ്ട്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്.ഐ. സുരേന്ദ്രന്, സിപിഒമാരായ ഹരികൃഷ്ണന്, സിനീഷേ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.