ജിഐഎസ് ആന്‍ഡ് മൊബൈല്‍ മാപ്പിംഗ് വിഷയത്തില്‍ ഹ്രസ്വകാല പരിശീലന പരിപാടി ആരംഭിച്ചു

ജിഐഎസ് ആന്‍ഡ് മൊബൈല്‍ മാപ്പിംഗ് എന്ന വിഷയത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്ന ഹ്രസ്വകാല പരിശീലന പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയോടൊപ്പം.
ഇരിങ്ങാലക്കുട: ഭൂവിനിയോഗ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യുണിറ്റിന്റെയും ജിയോളജി വകുപ്പിന്റെയും സഹകരണത്തോടെ തൃശൂര്‍ ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജിഐഎസ് ആന്‍ഡ് മൊബൈല്‍ മാപ്പിംഗ് എന്ന വിഷയത്തില്‍ ഹ്രസ്വകാല പരിശീലന പരിപാടി നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ വെച്ച് നടന്ന ഹ്രസ്വകാല പരിശീലന പരിപാടിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ നിര്‍വഹിച്ചു.
എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. അനുഷ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന് എല്‍. റഷീദ് പദ്ധതി വിശദികരണം നടത്തി. പ്രകൃതി വിഭവ സംരക്ഷണത്തിനു പ്രാധാന്യം നല്‍കികൊണ്ട് സംസ്ഥാനത്തെ കാമ്പസുകളുടെ മാപ്പിംഗ് ചെയ്യുന്നതിനായി ഭൂവിനിയോഗ വകുപ്പിന്റെ കീഴില്‍ ആരംഭിച്ച കാമ്പസ് മാപ്പോത്തോണ് പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായിട്ടായാണ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ജിഐഎസ് വിഷയത്തില്‍ ഹ്രസ്വകാല പരിശീലനം നല്‍കുന്നത്. ഇതുവഴി ജിയോസ്പേഷ്യല്‍ സാക്ഷരതയും വിദ്യാര്‍ഥികള്‍ക്കിടയില്‍ സാങ്കേതികവിദ്യയുടെ പ്രയോഗവും പ്രോത്സാഹിപ്പിക്കുന്നു.
സ്പേഷ്യല്‍ ഡാറ്റ ശേഖരം സൃഷ്ടിക്കുന്നതുവഴി ഭൂവിനിയോഗ ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി പരിപാലനം എന്നിവ മെച്ചപ്പെട്ട നിലയില്‍ നടത്തുന്നതിന് സാധ്യമാകുന്നു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവിയര്‍ ജോസഫ്, ജിയോളജി വകുപ്പ് മേധാവി ആര്. തരുണ്‍, ജിയോളജി വകുപ്പ് അസി. പ്രഫസര്‍ ഗോപകുമാര്‍, ഭൂവിനിയോഗ വകുപ്പ് കൃഷി ഓഫീസര്‍മാരായ ആതിര ചന്ദ്രനാഥ്, പി.എസ്. സിറില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഭൂവിനിയോഗ വകുപ്പിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റ് എം.വി. ശശിലാല്‍, ജിയോളജിക്കല്‍ അസിസ്റ്റന്റ് പി. രാഗി നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടെക്നിക്കല്‍ സെഷനുകള്‍ കൈകാര്യം ചെയ്യുന്നത്.