അടുക്കളതോട്ടം സ്മാര്‍ട്ട് ആകാന്‍ എച്ച്ഡിപിഇ ചട്ടികളും

ഗ്രീന്‍ മുരിയാടിന്റെ ഭാഗമായി മുരിയാട് പഞ്ചായത്ത് അടുക്കള പച്ചക്കറി തോട്ടം നിര്‍മ്മാണത്തിന് ഹൈ ഡെന്‍സിറ്റി പോളി എത്തീലീന് ചട്ടികള്‍ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിക്കുന്നു.
മുരിയാട്: ഗ്രീന്‍ മുരിയാടിന്റെ ഭാഗമായി മുരിയാട് പഞ്ചായത്ത് അടുക്കള പച്ചക്കറി തോട്ടം നിര്‍മ്മാണത്തിന് ഹൈ ഡെന്‍സിറ്റി പോളി എത്തീലീന് ചട്ടികള്‍ വിതരണം ചെയ്തു. വ്യാവസായിക നിലവാരമുള്ള അംഗീകൃത ഭക്ഷ്യ ഗുണനിലവാരമുള്ള ഉയര്‍ന്ന സാന്ദ്രത പോളി എത്തീലിന് ചട്ടികള്‍ 10 എണ്ണം വീതം പച്ചക്കറി തൈകളും നടാന്‍ പോഷകമൂല്യമുള്ള മിശ്രിതങ്ങളും മറ്റും അടക്കമാണ് വിതരണം ചെയ്യുന്നത്. 250 തില്പരം കര്‍ഷകര്‍ക്കായി 2500 ല്‍ പരം ചട്ടികളിലായി മുരിയാട്ടെ അടുക്കള പച്ചക്കറി തോട്ടം ഇനി സ്മാര്‍ട്ട് ആകും.
തറയിലകാട് അംഗനവാടിയില്‍ വച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി ചെയര്പേഴ്സന് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ തോമസ് തൊലത്ത്, കെ. വൃന്ദകുമാരി, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, കൃഷി ഓഫീസര്‍ ഡോ. അഞ്ചു ബി. രാജ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി, കൃഷി അസി നിഖില്‍ രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. 17 വാര്‍ഡുകളിലും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ വീടുകളിലും ചട്ടികളും മിശ്രിതങ്ങളും തൈകളും എത്തിച്ച് നല്‍കുന്നതാണ് ഹൈടെക് കിച്ചന് സ്മാര്‍ട്ട് അടുക്കള തോട്ടം പദ്ധതി.