ഹാളിന്റെ അപാകം പരിഹരിക്കാനുള്ള നടപടികളുമായി നഗരസഭ നവീകരണം കാത്ത് ചാത്തന്മാസ്റ്റര് ഹാള്‍

മാപ്രാണം ചാത്തന് മാസ്റ്റര്‍ ഹാളിലെ ജനറേറ്റര്‍ ഷെഡ്ഡ് നിര്‍മിച്ച് മാറ്റിയിരിക്കുന്നു.
ജനറേറ്റര്‍ ഷെഡിലാക്കി
കിണറിലെ വെള്ളം പരിശോധനയ്ക്കയച്ചു
മാപ്രാണം: നഗരസഭ മൂന്നരക്കോടിയിലധികം രൂപ ചെലവഴിച്ച് മാപ്രാണത്ത് പി.കെ. ചാത്തന് മാസ്റ്ററുടെ പേരില്‍ പുനര്‍നിര്‍മിച്ച ഹാളിന്റെ അപാകം പരിഹരിക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മഴയും വെയിലുമേറ്റ് തുരുമ്പിച്ചുതുടങ്ങിയ ജനറേറ്ററിന് ഷെഡ്ഡ് നിര്‍മിച്ചു. കാടുകയറി ഉപയോഗശൂന്യമായ കിണര്‍ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി വെള്ളം പരിശോധിക്കാനായി ലാബിലേക്കയച്ചു. ഹാളിന്റെ മുകള്‍വശത്തെ ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഹാളിലേക്കാവശ്യമായ കൂടുതല്‍ മേശകള്‍ വാങ്ങുമെന്നും നഗരസഭ അറിയിച്ചു. 2023 ഏപ്രില്‍ 22-നാണ് പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് 12,000 സ്ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച മാപ്രാണം സെന്ററിലുള്ള ചാത്തന്മാസ്റ്റര് ഹാള്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഏതെങ്കിലും പരിപാടിക്ക് ഹാള്‍ ബുക്കുചെയ്താല്‍ മേശകളും കസേരകളും വെള്ളവും ഉള്‍പ്പെടെ പുറത്തുനിന്ന് കൊണ്ടുവരേണ്ട സ്ഥിതിയായിരുന്നു.
നഗരസഭയുടെ അനാസ്ഥയ്ക്കെതിരേ കെപിഎംഎസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹാളിന്റെ നിര്‍മാണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ വിജിലന്‍സിനെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് അപാകങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചിരിക്കുന്നത്.