2013ല്‍ എട്ടുലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത് ആരും ഉപയോഗിക്കാതായതോടെ അടച്ചു

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ ഷീ ടോയ്ലറ്റ് പോസ്റ്റര്‍ മൂടിയ നിലയില്‍.
ഇരിങ്ങാലക്കുട: നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്ത ഷീ ടോയ്ലറ്റ് പൊളിക്കുന്നു. 12 വര്‍ഷം മുന്‍പ് 2013ല്‍ നഗരസഭാ വനിതാ ഘടകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുലക്ഷം രൂപ ചെലവഴിച്ച് ബസ് സ്റ്റാന്‍ഡിന്റെ കിഴക്കു ഭാഗത്തുള്ള പഴയ കെട്ടിടത്തിന് താഴെ വനിതകളുടെ കാത്തിരിപ്പുകേന്ദ്രത്തിന് മുന്‍പിലായി സ്ഥാപിച്ച ഷീ ടോയ്ലറ്റാണ് ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് പൊളിക്കുന്നത്. സുരക്ഷിതവും ശുചിത്വവുമുള്ളതും സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ പൊതുശൗചാലയങ്ങള്‍ ഒരുക്കുന്നതിനായിട്ടായിരുന്നു ഷീ ടോയ്ലറ്റ് ആരംഭിച്ചത്.
സമീപം വലിയടാങ്ക് നിര്‍മിച്ച് സ്ലാബിട്ടടച്ചിരുന്നു. വലിയ വികസന മുന്നേറ്റമായിട്ടായിരുന്നു ഇതിനെ നഗരസഭ ചൂണ്ടിക്കാട്ടിയിരുന്നത്. സിഗ്നല്‍ സംവിധാനമടക്കമു ണ്ടായിരുന്ന ശൗചാലയം ആരും ഉപയോഗിച്ചില്ല. സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്ക്കുന്ന ഭാഗത്ത് സ്ഥാപിച്ചതിനാല്‍ അകത്തേക്ക് കയറുമ്പോള്‍ ആളുകള്‍ ശ്രദ്ധിക്കുമെന്നതിനാലാണ് ആരും ഉപയോഗിക്കാന്‍ തയ്യാറാകാതിരുന്നത്. കാത്തിരിപ്പുകേന്ദ്രത്തിന് മുന്‍പിലേക്ക് വാതില്‍ വരുന്ന തരത്തില്‍ ടോയ്ലറ്റ് സ്ഥാപിക്കണമെന്ന് അന്നുതന്നെ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും നഗരസഭ തയാറായില്ല.
ആരും ഉപയോഗിക്കാതായതോടെ വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ക്കും മറ്റ് സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പോസ്റ്റര്‍ ഒട്ടിക്കാനുള്ള സ്ഥലമായി അതുമാറി. ടാങ്കിന്റെ ഭാഗത്ത് ആളുകള്‍ ഇരുന്ന് കച്ചവടം ചെയ്യുന്നത് സ്ഥിരം കാഴ്ചയായി. 12 വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ ഇനി അത് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കണ്ടാണ് ശൗചാലയം പൊളിക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരുകയാണെന്നും വൈകാതെ ശൗചാലയം പൊളിക്കുമെന്നും നഗരസഭ വ്യക്തമാക്കി.