അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേല്‍പ്പിച്ച് മൊബൈല്‍ ഫോണും പണവും എടുത്ത സംഭവത്തില്‍ റൗഡി അറസ്റ്റില്‍

വിഷ്ണു.
ഇരിങ്ങാലക്കുട: അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പോക്കറ്റില്‍ നിന്നും തെറിച്ച് വീണ 13000 രൂപയുടെ മൊബൈല്‍ ഫോണും 5000 രൂപയും എടുത്ത് കൊണ്ട് പോയ കേസില്‍ വധശ്രമക്കേസില്‍ പ്രതിയും റൗഡിയുമായ പ്രതി അറസ്റ്റില്‍. പ്രാഞ്ചി എന്നറിയപ്പെടുന്ന കാരുമാത്ര കടലായി സ്വദേശി വെള്ളാങ്കല്ലൂര്‍ക്കാരന്‍ വീട്ടില്‍ വിഷ്ണു (26) വിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10.30 ന് നെടുങ്ങാണത്ത്കുന്ന് കിണറിന് സമീപം റോഡില്‍ വെച്ച് പ്രതിയെക്കണ്ട് സ്കൂട്ടര്‍ നിര്‍ത്തിയ എറിയാട് സ്വദേശി കാര്യേടത്ത് വീട്ടില്‍ മുജീബ് (43) എന്നയാളെ അസഭ്യം പറയുകയും, അസഭ്യം പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചതിലുള്ള വൈരാഗ്യത്താല്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇതിനിടയില്‍ താഴെ വീണ മുജീബിന്റെ പോക്കറ്റില്‍ നിന്ന് തെറിച്ച് വീണ 5,000 രൂപയും, 13,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും എടുത്ത് കൊണ്ട് പോകുകയായിരുന്നു. ഇരിങ്ങാലക്കുട, മാള,പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും, രണ്ട് അടിപിടിക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസുകളിലും, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച ഒരു കേസ്സിലും അടക്കം ആറ് ക്രിമിനല്‍ക്കേസിലെ പ്രതിയാണ് വിഷ്ണു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ കെ.ജെ ജിനേഷ്, എസ്.ഐ. മാരായ എ കെ സോജന്, പി ആര് ദിനേഷ് കുമാര്‍, ജി.എസ്.ഐ മുഹമ്മദ് റാഷി, ജി.എ.എസ്.ഐ ഗോപകുമാര്‍, ജി.എസ്.സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.