കരുവന്നൂര്‍ ബാങ്ക്; നിക്ഷേപകന് ബാങ്കിന്റെ കൗണ്ടറിലേക്ക് പെട്രോളൊഴിച്ചു, പ്രതിഷേധം പണം തിരികെ കിട്ടാത്തതില്‍

കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശേരി ബ്രാഞ്ചില്‍ പെട്രോള്‍ ഒഴിച്ച സുരേഷ് മാധ്യമങ്ങളോട് വിശദീകരിക്കുന്നു.
ഇരിങ്ങാലക്കുട: നിക്ഷേപകന് കരുവന്നൂര്‍ ബാങ്കിലെത്തി ബാങ്ക് കൗണ്ടറിലേക്ക് പെട്രോളൊഴിച്ചു. പണം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ പൊറത്തിശേരി സ്വദേശി കൂത്തുപാലക്കല്‍ വീട്ടില്‍ സുരേഷ് (72) കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ കരുവന്നൂര്‍ ബാങ്കിലെ പൊറത്തിശേരി ബ്രാഞ്ച് ഓഫീസിലാണ് സംഭവം. നിക്ഷേപ തുക നിരവധി തവണ തരണമെന്ന് ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് ഏറെ വിഷമത്തിലായിരുന്നു.
തുഛമായ നിക്ഷേപമാണ് സുരേഷിന് ബാങ്കിലുണ്ടായിരുന്നത്. ബാങ്കില്‍ നിന്ന് ഇതുവരെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 82,500 രൂപ തിരികെ നല്‍കിയിട്ടുള്ളതാണെന്നും അക്കൗണ്ട് ബാലന്‍സ് ആയി 8698 രൂപയാണ് ഇനി ബാക്കി ഉള്ളതെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. ഈ തുക നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും നിക്ഷേപം തിരികെ നല്കാന് ഇതുവരെയും തയാറായിട്ടില്ല. പല തവണ ബാങ്കിലേക്ക് വിളിച്ചു വരുത്തിയെങ്കിലും ഹെഢോഫീസില് നിന്നും അപേക്ഷ പാസായിട്ടില്ല എന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നെന്ന് സുരേഷ് പറഞ്ഞു.
കഴിഞ്ഞ മാസം 19 ന് നിക്ഷേപ തുക ആവശ്യപ്പെട്ട് ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഢ് ഓഫീസില്‍ നിന്നും തുക പാസായി വന്നിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പെട്രോളുമായി സുരേഷ് ബാങ്കില്‍ എത്തിയതും കൗണ്ടറിലേക്ക് പെട്രോളൊഴിച്ചതും. ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചീട്ടില്ല.
ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ആര്.എല്‍. ശ്രീലാല്‍. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതിനും സമൂഹത്തില്‍ അപകീര്‍ത്തി ഉണ്ടാക്കുന്നതിനും വേണ്ടി മനഃപൂര്‍വ്വമായ ഇടപെടലുകളാണ് ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങളില്‍ നിന്നും ഉണ്ടാകുന്നത്. രണ്ട് സ്ത്രീ ജീവനക്കാര്‍ മാത്രം ഉള്ള സ്ഥാപനത്തില്‍ കയറി പെട്രോള്‍ ഒഴിച്ച് ഓടി രക്ഷപ്പെടുകയാണ് ചെയ്തത്.
ബാങ്ക് ജീവനക്കാരുടെ ജീവന് അപകടകരമായ ഭീഷണി ഉയര്‍ത്തുകയും ബാങ്കിലെ ഉപകരണങ്ങള്കും രേഖകള്‍ക്കും കേടുപാട് ഉണ്ടാക്കാന്‍ ശ്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിക്ഷേപതുക അടുത്ത ദിവസം തന്നെ നല്‍കാനിരിക്കെയാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നില്‍ ബാങ്കിനെ തകര്‍ക്കണം എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇടപെടലുകള്‍ ഉണ്ട് എന്നത് വ്യക്തമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുവാനുള്ള ഇത്തരം ഇടപെടലുകളെ ജനാധിപത്യ സമൂഹം തള്ളിക്കളയണമെന്നും കരുവന്നൂര്‍ ബാങ്കിനെതിരെയും ജീവനക്കാര്‍ക്ക് എതിരെയും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും ശ്രീലാല്‍ ആവശ്യപ്പെട്ടു.
സംഭവത്തിന് പിറകില്‍ ബിജെപിയെന്ന് സിപിഎം
ഒരു പങ്കുമില്ലെന്ന് ബിജെപിയും താന്‍ ഒരു പാര്‍ട്ടിക്കാരനല്ലെന്നു സുരേഷും
സംഭവത്തിന് പിറകില്‍ ബിജെപിയാണെന്നാരോപിച്ച് സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടാരംതറ മൈതാനത്തിന് സമീപം പ്രതിഷേധ സമരം നടത്തി. എന്നാല്‍ സംഭവത്തില്‍ ബിജെപിക്ക് ഒരു പങ്കുമില്ലെന്നും സുരേഷ് പാര്‍ട്ടിക്കാരനല്ലെന്നും ബിജെപി നേതൃത്വം പറഞ്ഞു. താന്‍ ഒരു പാര്‍ട്ടിക്കാരനല്ലെന്നു സുരേഷും വ്യക്തമാക്കി. അതസമയം കരുവന്നൂര്‍ ബാങ്കിലെ വനിതാ ജീവനക്കാര്‍ക്ക് നേരെ നടത്തിയ വധഭീഷണിക്കും ആക്രമണത്തിലും സിപിഎം പ്രതിഷേധം നടത്തി. വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ആര്.എല്‍. ശ്രീലാല്‍, ടി.കെ. ജയാനന്ദന്, എം.ബി. രാജുമാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
