കാട്ടൂരിലെ കുടിവെള്ള മലിനീകരണം: മണ്ണ് പരിശോധനാ ഫലം അട്ടിമറിക്കപ്പെടുമോ, ആശങ്കയില്‍ ജനങ്ങള്‍

കാട്ടൂരിലെ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ്.
മന്ത്രിയുടെ വാക്ക് പാഴ്വാക്കാകുമോ…
കാട്ടൂര്‍: എത്രനാളായി…… എന്തിനിനി സഹിക്കണം…? കുടിവെള്ളത്തിനായി കേഴുന്ന ഒരു ജനകയുടെ ചോദ്യമിതാണ്. നരക തുല്യ ജീവിതവുമായി കഴിയുന്ന കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ 350 ഓളം കുടംബങ്ങള്‍ ഒന്നടക്കം ആശങ്കയിലാണ്. തങ്ങള്‍ക്ക് ഇനി ശുദ്ധജലം ലഭിക്കാനായി ആരു കനിയും എന്ന ചേദ്യമാണിവര്ക്ക്. തങ്ങളുടെ പ്രശ്നങ്ങളില്‍ തങ്ങളൊടൊപ്പം നില്ക്കേണ്ടവര് ഒപ്പമുണ്ടെന്ന് കരുതുമ്പോഴും അവരുടെ വാക്കുകള്‍ വിശ്വാസം അര്‍പ്പിക്കുമ്പോഴും നീതി നീണ്ടു പോകുന്നതിലുള്ള മനോവേദനയിലാണവര്.
തലമുറകളായി ജീവിച്ചുവരുന്നവരും സ്വന്തം അധ്വാനം കൊണ്ട് പണം കൊടുത്ത് വാങ്ങിയ ഈ പ്രദേശത്തെ ജനങ്ങളുടെ വീടുകളിലെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്നിട്ട് വര്‍ഷം ഒന്നര കഴിഞ്ഞു. ഇവര്‍ പരാതി പറയാത്ത ഇടങ്ങളില്ല. ഇവരുടെ പ്രശ്നത്തില്‍ നാട്ടിലെ എംഎല്‍എയും മന്ത്രിയും ഇടപ്പെട്ടിട്ടും പ്രശ്നപരിഹാരം നീളുന്നതാണ് ഇവരുടെ ആശങ്ക. ഇതിനു പിന്നില്‍ പല അട്ടിമറികള്‍ സംഭവിക്കുമോയെന്ന നെഞ്ചിടിപ്പാണ് ഈ ഗ്രാമവാസികള്‍ക്ക്.
പരിശോധനാ ഫലം അട്ടിമറിക്കപ്പെടുമോ..
ജൂലൈ 27 നാണ് പരിശോധനക്കായി മണ്ണ് സാമ്പിലായി എടുത്തത്. കോരിച്ചൊരിയുന്ന ഒരു മഴയുള്ള ദിവസമായിരുന്നു അന്ന്. നാട്ടുകാരുടെ എതിര്‍പ്പവഗണിച്ച് ഗവ. എന്‍ജിനീയര്‍ കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ എ.ജി. ബിന്ദു, ടെക്നിക്കല്‍ സ്റ്റാഫ് കെ.കെ. ഉമ്മര്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ എ.എം. മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണിന്റെ സാമ്പിള്‍ ശേഖരിച്ചത്.
കാട്ടൂര്‍ മിനി ഇന്റസ്ട്രീയല്‍ എസ്റ്റേറ്റ് വളപ്പിനുള്ളില്‍ നിന്നും ഒരു സാമ്പിളും സമീപത്തെ കിണറുകളുടെ പരിസരത്തുനിന്നും മൂന്നു സാമ്പിളുകളും ശേഖരിച്ചു. ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാണ് മണ്ണ് പരിശോധനക്കെടുത്തിരിക്കുന്നത്. കിണറുകളിലെ രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതായിരുന്നു മണ്ണ് പരിശോധനയുടെ ലക്ഷ്യം. ഒരു മാസത്തിനകം പരിശോധനാ ഫലം ലഭ്യമാക്കാമെന്നു പറഞ്ഞിരുന്നെങ്കിലും മാസങ്ങള്‍ കടന്നു പോയതല്ലാതെ പരിശോധനാ ഫലം മാത്രം വന്നില്ല.
പരിശോധനാ ഫലം ലഭിക്കുന്നതിനായി 50,000 രൂപ സെപ്റ്റംബര്‍ 11 ന് പഞ്ചായത്ത് അടയ്ക്കുകയും ഫലം തയ്യാറാണെന്ന്െന്നൈയിലെ ലാബില്‍നിന്ന് വിവരം കിട്ടുകയും ചെയ്തതാണ്. എന്നാല്‍, ലാബില്‍നിന്ന് ഫലം കിട്ടി ഒരു മാസമാവാറായിട്ടും എന്‍ജിനീയറിംഗ് കോളജിലെ വിദഗ്ധര്‍ റിപ്പോര്‍ട്ട് പഞ്ചായത്തിനു കൈമാറിയിട്ടില്ല. കനത്ത മഴയുള്ളപ്പോള്‍ എടുത്ത മണ്ണിന്റെ പരിശോധനഫലത്തില്‍ മാറ്റമുണ്ടാകാമെന്ന് അന്നുതന്നെ വിദഗ്ധസംഘം അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തിയെന്തെന്നും നാട്ടുകാര്‍ ചോദിക്കുന്നു.
അഗ്നിരക്ഷാസേനയ്ക്ക് നല്കിയ പരാതി എങ്ങുമെത്തിയില്ല
സിഡ്കോയുടെ കീഴിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സ്ഥാപനങ്ങള്‍ അഗ്നി രക്ഷാസംവിധാനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് കാട്ടൂര്‍ നിവാസികള്‍ അഗ്നിരക്ഷാസേനയ്ക്ക് പരാതി നല്‍കിയിരുന്നു. എസ്റ്റേറ്റില്‍ രാസവസ്തുക്കളടക്കം കൈകാര്യംചെയ്യുന്ന 13 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ കമ്പനികളില്‍ അഗ്നിരക്ഷാമാര്ഗങ്ങളും പ്രതിരോധനടപടികളും സ്വീകരിച്ചിട്ടില്ലെന്ന് പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
കമ്പനിയില്‍നിന്ന് അഞ്ചുമീറ്റര്‍ ദൂരത്തില്‍ വീടുകളുണ്ട്. പരിസരത്ത് ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ാ് പരാതിയിലൂടെ ആവശ്യപ്പെട്ടത്. പരാതികിട്ടിയിട്ടുണ്ടെന്നും പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അഗ്നിരക്ഷാസേനാ കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും ഇതൊന്നും തങ്ങളുടെ പരിധിയിലല്ലെന്നു പറഞ്ഞ് തുടര്‍ നടപടികളുണ്ടായില്ല.
കളക്ടറുടെ നിര്‍ദേശവും അവഗണിച്ചു
മേഖലയിലെ കുടിവെള്ളമലിനീകരണം സംബന്ധിച്ച് പഠിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് സെപ്റ്റംബര്‍ 12-ന് കളക്ടര്‍ അര്ജുന് പാണ്ഡ്യന് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, വാട്ടര്‍ അഥോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദര്‍ശിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, എന്താണ് ഇവരുടെ റിപ്പോര്‍ട്ടെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും തുടര്‍നടപടികളെക്കുറിച്ച് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
കമ്പനികള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ മൗനാനുവാദം നല്‍കുന്നത് ആര്?
ജലമലിനീകരണം നടത്തുന്നൂവെന്ന് ആരോപണം നേരിടുന്ന വ്യവസായയൂിറ്റുകള് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്തെ മണ്ണുപരിശോധനാഫലം വരുന്നതുവരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കുമെന്ന മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നിര്‍ദേശം പരിസരവാസികളെ കബളിപ്പിക്കാനോ എന്നുള്ളതാണ് ജനങ്ങളുടെ ചോദ്യം. സെപ്റ്റംബര്‍ 23-ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഈ ആവശ്യമുന്നയിച്ച് സിഡ്കോയ്ക്കും വ്യവസായവകുപ്പ് അധികൃതര്‍ക്കും മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പഞ്ചായത്തും കത്തുനല്‍കിയിരുന്നു.
എന്നാല്‍, രണ്ടാഴ്ചയായിട്ടും ഇതില്‍ തുടര്‍നടപടിയുണ്ടായില്ല. ആരോപണവിധേയമായ രണ്ടു സ്ഥാപനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ഡോ. ആര്. ബിന്ദു വ്യവസായവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. പ്രശ്നപരിഹരത്തിനായി വ്യവസായവകുപ്പിനും സിഡ്കോയ്ക്കും പഞ്ചായത്തും കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ നടപടിയായിട്ടില്ല. ഇപ്പോഴും ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മലിനീകരണ ബോര്‍ഡിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി കൃത്യമായ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഈ കമ്പനികളില്‍ നടക്കുന്നുണ്ടോ എന്ന് രിശധിക്കാന് ബന്ധപ്പെട്ട വകുപ്പുകളുടെ സംയോജിത പരിശോധന നടത്തുമെന്നു ഉറപ്പുനല്‍കിയെങ്കിലും ഇതുവരെയും പരിശോധന നടന്നിട്ടില്ല.
രാസമാലിന്യമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍
ജലത്തിലൂടെ രാസവസ്തുക്കള്‍ ശരീരത്തിലെത്തിയാല്‍ കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ വരാനിടയുണ്ട്. ഗവ. കോഴിക്കോട് സിഡബ്ല്യൂആര്‍ഡിഎം പഞ്ചായത്തിന് കൈമാറിയ ജലപരിശോധനാ ഫലത്തില്‍ ട്രീറ്റഡ് എ ഫ്ലുവെന്റില്‍ സിങ്ക്, കെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് എന്നീ ഘടകങ്ങള്‍ കൂടുതലായി കാണുന്നുണ്ട്.
അതിന്റെ കൃത്യമായ സ്രോതസും കാരണവും ശാസ്ത്രീയമായി കണ്ടെത്തുവാന്‍ ഫോറന്‍സിക് പരിശോധന നടത്തേണ്ടതുണ്ട്. ഘനലോഹങ്ങള്‍ മണ്ണിലെത്തിയാല്‍ വര്‍ഷങ്ങളോളം വിഘടിക്കാതെ മണ്ണില്‍ത്തന്നെ കിടക്കും. ഇതൊഴുകിയെത്തുന്ന വയലിലെ സൂക്ഷ്മജീവികളുടെ നാശം സംഭവിക്കുകയും അത് കൃഷി നാശത്തിനു കാരണമാവുകയും ചെയ്യും.
നാട്ടുകാരുടെ ആവശ്യങ്ങള്‍
- ശുദ്ധജലം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം
- കിണറുകളില്‍ കലര്‍ന്നിരിക്കുന്ന രാസമാലിന്യം നീക്കം ചെയ്യണം.
- രാസമാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂണം.
- രാസമാലിന്യം മണ്ണില്‍ കലര്ന്നീട്ടുണ്ടെങ്കില് മണ്ണിനെ ശുദ്ധീകരിക്കാനുള്ള നടപടികള്‍ ഉണ്ടാകണം