ക്രൈസ്തവ ജീവിത പൂര്‍ണത സ്നേഹം പങ്ക് വയ്ക്കുന്നതിലൂടെ: ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍

ഇരിങ്ങാലക്കുട രൂപത 17 ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനം മാര്‍ പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രിസ്തുവിന്റെ സ്നേഹവും കരുണയും ചുറ്റിലുമുള്ള സഹോദരങ്ങളിലേക്ക് പകരുമ്പോഴാണ് ക്രൈസ്തവ ജീവിതം പൂര്‍ണമാകുന്നതെന്ന് മാര്‍ പോളി കണ്ണുക്കാടന്‍. ഇരിങ്ങാലക്കുട രൂപത 17-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും മൂലം പതിനായിരങ്ങള്‍ നരകയാതന അനുഭവിക്കുന്നുണ്ട്.
എങ്കിലും പൊതുസമൂഹവും ഭരണകൂടങ്ങളും അവരോട് വേണ്ടത്ര പരിഗണന കാണിക്കുനില്ല. ഈ സാഹചര്യത്തില്‍ പങ്കുവയ്പിന്റെയും നീതിയുടെയും പാതയില്‍ പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ക്രൈസ്തവ മൂല്യങ്ങളും വിശ്വാസവും നമ്മുടെ പ്രവൃത്തികളാല്‍ നീതികരിക്കപ്പെടണം. ഇതാണ് യഥാര്‍ഥത്തില്‍ ഓരോ ക്രൈസ്തവനും നിര്‍വഹിക്കേണ്ട വിശ്വാസസാക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
റവ. ഡോ. ജോര്‍ജ് തെക്കേക്കര മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍, റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായി റവ. ഡോ. റിജോയ് പഴയാറ്റില്‍, സെക്രട്ടറി മാരായി ജിയോ ജോസ്, ആന്ലിന് ഫ്രാന്‍സിസ് എന്നിവരെ തിരഞ്ഞെടുത്തു. അജണ്ട കമ്മിറ്റിയിലേക്ക് സിസ്റ്റര്‍ ട്രീസ ജോസഫ്, ലിംസണ്‍ ഊക്കന്‍, അഡ്വ. ഷൈനി ജോജോ എന്നിവരെയും ജീസസ് ട്രെയിനിംഗ് കോളജ്, ബിഎല്‍എം, എജ്യുക്കേഷനല്‍ ഏജന്‍സി എന്നിവയിലേക്കുള്ള പ്രതിനിധികളായി യഥാക്രമം ഷാജന് കൊടിയന്‍, വര്‍ഗീസ് ചുള്ളിപ്പറപില്, ഡോ. ജോര്‍ജ് കോലഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.