മുരിയാടിന്റെ മുടിച്ചിറ മുടിഞ്ഞു തന്നെ; വീണ്ടും ഫണ്ട് അനുവദിച്ചിട്ട് ഒരു വര്‍ഷം, കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

മുടിച്ചിറ തകര്‍ന്നതോടെ കാടുമൂടിയ നിലയില്‍.
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിക്കപ്പെട്ട തുറവന്‍കാട് മുടിച്ചിറയുടെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. 2022 മെയ് 14 നുണ്ടായ മഴയിലാണ് മുടിച്ചിറയുടെ നിര്‍മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകര്‍ന്നത്. പഞ്ചായത്തിലെ 13, 14, 15, 16 വാര്‍ഡുകളിലെ പ്രധാന ജലസ്രോതസാണ് തുറവന്‍കാട് മുടിച്ചിറ. അതിനു മുന്‍വര്‍ഷവും ഈ ചിറയുടെ റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു.
നാലു വശവും ഇടിഞ്ഞു വര്‍ഷങ്ങളോളം ചെളി നിറഞ്ഞു കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന ഈ ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2019-20 കാലഘട്ടത്തിലാണ് ഫണ്ട് അനുവദിച്ചത്.
2021 ഏപ്രില്‍ മാസത്തോടെ പണികള്‍ ആരംഭിച്ചെങ്കിലും വര്‍ഷകാലമായതോടെ ചിറയുടെ റോഡിനോട് ചേര്‍ന്ന ഭാഗം ഇടിയുകയായിരുന്നു. തുറവന്‍കാടിനെ പുല്ലൂരിനോട് ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയുള്ള ഗതാഗതം ഇതോടെ മാസങ്ങളോളം തടസപ്പെട്ടു. പിന്നീട് പണികള്‍ പുനരാരംഭിച്ചെങ്കിലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. തകര്‍ന്ന സംരക്ഷണ ഭിത്തിയോട് ചേര്‍ന്നുള്ള ഭാഗത്തു ആവശ്യത്തിന് മണ്ണിട്ടുയര്‍ത്തിയില്ലെന്ന പരാതി ഉണ്ടായിരുന്നു. എന്നാല്‍ ചിറ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ചിറയില്‍ നിന്നും കോരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിക്ക് നിലം നികത്തുന്നതിന് നല്‍കിയത് പരാതിക്കിട നല്‍കിയിരുന്നു.
തുടര്‍ന്ന് ആ പരാതി തേഞ്ഞു മാഞ്ഞു പോയി. മണ്ണിട്ടുയര്‍ത്താത്ത വശത്തു വെള്ളം ഇറങ്ങിയതാണ് സംരക്ഷണ ഭിത്തി തകരുന്നതിനു കാരണമായത്. നൂറ്റമ്പതോളം മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് ഭിത്തിയാണ് തകര്‍ന്നു ചിറയിലേക്കു മറിഞ്ഞു വീണത്. ഇത്രയും നീളവും ഉയരവുമുള്ള ഭിത്തി നിര്‍മിക്കുമ്പോള്‍ ഉണ്ടാകേണ്ട യാതൊരു തരത്തിലുമുള്ള ശാസ്ത്രീയ വശങ്ങളും ഇവിടെ പാലിച്ചിട്ടില്ല.
അശാസ്ത്രീയമായ നിര്‍മാണവും കെടുകാര്യസ്ഥതയും- കോണ്‍ഗ്രസ്
മുന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള മുപ്പത്തിയഞ്ചു ലക്ഷം രൂപയും ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിപ്രകാരമുള്ള മുപ്പത്തിയൊമ്പതു ലക്ഷം രൂപയും ഉള്‍പ്പടെ എഴുപത്തി നാല് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്റെയും നാട്ടുകാരുടെയും നിരന്തര സമരങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ഈ പദ്ധതിക്ക് വേണ്ടി 36 ലക്ഷം രൂപ അനുവദിച്ചുവെന്ന പ്രഖ്യാപനം നടത്തി. വര്‍ഷം ഒന്നായിട്ടും ചിറ കാടുമൂടി കിടക്കുന്നതല്ലാതെ ഈ കാര്യത്തിലും ഒരു നടപടിയും ഇന്ന് വരെ നടന്നിട്ടില്ല. പ്രക്ഷോഭം നടത്തുവാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പ്രസിഡന്റ് ബൈജു കൂനന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥന്, പി.ആര്. ബാബു, പി.എ. യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു.