അപകട യാത്രക്ക് പ്രോത്സാഹനം നല്കാനാകരുത്ത് പകരം സുരക്ഷിത യാത്രക്ക് വേണ്ടിയാകണം- റെയില്‍വേ സ്റ്റേഷന് വികസന സമിതി

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസന സമിതിയുടെയും കല്ലേറ്റുംകര വികസന സമിതിയുടെയും സംയുക്ത നേതൃത്വത്തില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനു മുന്നില്‍ നടന്ന ജനകീയ പ്രതിഷേധ സമര സദസ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ. പോളി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസന സമിതിയുടെയും കല്ലേറ്റുംകര വികസന സമിതിയുടെയും സംയുക്ത നേതൃത്വത്തില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനു മുന്നില്‍ ജനകീയ പ്രതിഷേധ സമര സദസ് സംഘടിപ്പിച്ചു. പാളം മുറിച്ചു അപ്പുറവും കടക്കാനുള്ള നാട്ടുകാരുടെ കാല്‍നട യാത്രാ സൗകര്യം മുന്നറിയിപ്പില്ലാതെ തടസപ്പെടുത്തിയ റെയില്‍വേ അധികൃതരുടെ നടപടികള്‍ മനുഷ്യാവകാശ ലംഘനമായി വിലയിരുത്തും.
അപകട യാത്രക്ക് പ്രോത്സാഹനം നല്കാനാകരുത്ത് പകരം സുരക്ഷിത യാത്രക്ക് വേണ്ടിയാകണം പ്രക്ഷോഭമെന്നും ഇതിനായി നാട്ടുകാര്‍ക്ക് പാളം മുറിച്ചു കടക്കാന്‍ നിലവിലെ റെയില്‍വേ ഫുട് ഓവര്‍ബ്രിഡ്ജില്‍ ഇരുവശത്തും പുറത്തേക്കു പ്രത്യേക ഗോവണികള്‍ നിര്‍മ്മിച്ച് അടിയന്തിര പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് കാല് നടയാത്രക്കാര്‍ക്കും ഇരുചക്ര യാത്രികര്‍ക്കും ഉപയോഗിക്കാവുന്ന വിധം സബ്ബ് വേ നിര്‍മ്മിക്കണം. നിലവിലെ പ്ലാറ്റഫോമില്‍ ഗേറ്റുകള്‍ സ്ഥാപിച്ചു അടയ്ക്കുന്നതിന് മുമ്പ് യാത്ര സൗകരണങ്ങള്ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉറപ്പുവരുത്തണം. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ. പോളി ഉദ്ഘാടനം ചെയ്തു.
മുഖ്യ സംഘാടകന്‍ വര്‍ഗ്ഗീസ് തൊടുപറമ്പില്‍ സമര പ്രമേയം അവതരിപ്പിച്ചു. യോഗം അംഗീകരിച്ച പ്രമേയം നിയമസഭാംഗമായ സംസ്ഥാന മന്ത്രി ഡോ. ആർ. ബിന്ദു, ലോക്സഭാംഗമായ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, ആളൂര്‍ പഞ്ചായത്ത് അധ്യക്ഷന്‍ എന്നിവര്‍ക്ക് അയച്ചു നല്കി. വര്‍ഗ്ഗീസ് പന്തലൂക്കാരന്‍ അധ്യക്ഷത വഹിച്ചു. കെ.എഫ്. ജോസ് സ്വാഗതവും ഉണ്ണികൃഷ്ണന് പുതുവീട്ടില്‍ നന്ദിയും പറഞ്ഞു. അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ഡേവിസ് തുളവത്ത്, പി.എല്‍. ജോസ്, കെ.കെ. ബാബു, കെ.വി. സുരേഷ് കൈതയില്‍, കെ.കെ. റോബി, ജോസ് കുഴിവേലി, കുമാരന് കൊട്ടാരത്തില്‍, ഡേവിസ് കണ്ണംകുന്നി, തുടങ്ങിയവര്‍ സംസാരിച്ചു.