കാട്ടൂരിന്റെ രോദനം; കിണറുകളിലെ രാസമാലസിന്യം; മണ്ണ് പരിശോധന ഫലങ്ങളില്‍ വ്യത്യാസം രണ്ടു ലാബുകളിലായി രണ്ടു പരിശോധനാ ഫലം

കാട്ടൂര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ്.
കാട്ടൂര്‍: കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന വിഷയത്തില്‍ നടത്തിയ മണ്ണ് പരിശോധനാ ഫലത്തില്‍ രണ്ട് ഫലങ്ങള്‍. ഗവ. എന്‍ജനീയറിംഗ് കോളജ് ചെന്നൈ ഗ്ലോന്സ് ഇന്നൊവെക്കേഷന് ലാബിലെ പരിശോധനാ ഫലവും ഹൈദരാബാദിലെ വിംട്ടാ ലാബില്‍ നടത്തിയ പരിശോധനാ ഫലത്തിലും വ്യത്യാസം. ചെന്നൈ ലാബില്‍ സിങ്കിന്റെ അളവില്‍ 78.80 ആണെങ്കില്‍ ഹൈദരാബാദിലെ ലാബിലെ പരിശോധനാ ഫലത്തില്‍ 154.42 ആണ്. പിഎച്ച് മൂല്യത്തില്‍ ഈ രണ്ടു പരിശോധനാ ഫലങ്ങളും കുറവു തന്നെയാണ്.
ഒരേ സമയം ഒരു സ്ഥലത്തുനിന്നും ശേഖരിച്ച മണ്ണിന്റെ പരിശോധനാ ഫലത്തിലാണ് വ്യത്യാസമുള്ളത്. ഏതെല്ലാം രാസവസ്തുക്കളുടെ സാന്നിധ്യമാണ് മണ്ണില്‍ കൂടുതലായി അടങ്ങിയിരിക്കുന്നതെന്ന് പരിശോധന ഫലത്തില്‍ വ്യക്തമാണ്. ഈ രാസവസ്തുക്കള്‍ എങ്ങിനെ മണ്ണിലും കുടിവെള്ളത്തിലും കലര്‍ന്നുവെന്ന കാരണമാണ് ഇനി പരിശോധിക്കേണ്ടത്. ഈ രാസമാലിന്യങ്ങളുടെ സാന്നിധ്യത്തിനു ഇടവരുത്തിയതിനു പിന്നിലുള്ള കാരണങ്ങളാണ് ഇനി കണ്ടെത്തേണ്ടത്. മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നിര്‍ദേശ പ്രകാരം തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് അധികൃതരുടെ റിപ്പോര്‍ട്ടു പ്രകാരം വിശദമായ ഫോറന്‍സിക് പരിശോധനയും മറ്റു ശാസ്ത്രീയപരമായ തുടര്‍ പരിശോധനകളും നടത്തണം.
രാസമാലിന്യം കലര്‍ന്നതിന്റെ കൃത്യത അറിയുവാന്‍ വിശദമായ പരിശോധനകള്‍ ഇനിയും നടത്തേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വിവരശേഖരണം ആവശ്യമായിരിക്കുകയാണ്. ഇപ്പോള്‍ പരിശോധനാ ഫലം വന്നിരുന്ന മണ്ണ് സാമ്പിളെടുത്തിരിക്കുന്നത് കനത്ത മഴയുള്ളപ്പോഴാണ് അതിനാല്‍ തന്നെ പരിശോധനാ ഫലത്തില്‍ വ്യക്തതക്കുറവായിരിക്കുമെന്ന് സമരസമിതി പറയുന്നു.
മന്ത്രിയും പഞ്ചായത്തും നല്കിയ ഉറപ്പുകള്‍ പാലിക്കണം
കുടിവെള്ളസംരക്ഷണസമിതി നാളെ യോഗം ചേരും
തൃശൂര്‍ എന്‍ജിനീയറിംഗ് കോളജ് നടത്തിയ മണ്ണുപരിശോധനാ റിപ്പോര്‍ട്ടില്‍ പ്രദേശത്തെ മണ്ണ്, ജലം തുടങ്ങിയവ വിശദമായ ഫോറന്‍സിക് പഠനം നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ വിശദ പഠനറിപ്പോര്‍ട്ട് വരുന്നതുവരെ ആരോപണവിധേയമായ കമ്പനികള്‍ അടച്ചിടാന്‍ തയ്യാറാകണമെന്ന് ജനകീയ കുടിവെള്ള സംരക്ഷണസമിതി ആവശ്യപ്പെട്ടു. പ്രദേശത്തെ നാല് വാര്‍ഡുകളിലായി നൂറോളം കുടുംബങ്ങളാണു കുടിവെള്ളമലിനീകരണഭീഷണി നേരിടുന്നത്.
എസ്റ്റേറ്റിലെ ചില കമ്പികള്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ നിറഞ്ഞ വെള്ളം ചുറ്റുവട്ടത്തുള്ള ഒരു കിലോമീറ്ററിലേറെ ദൂരമുള്ള കിണറുകളെപ്പോലും മലിനപ്പെടുത്തിയിരിക്കുകയാണെന്ന് കുടിവെള്ള സംരക്ഷണസമിതി ആരോപിക്കുന്നു. ഇക്കാര്യത്തില്‍ മന്ത്രിയും പഞ്ചായത്തും നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് സമിതിയുടെ ആവശ്യം. തുടര്‍ സമര പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നാളെ വൈകീട്ട് അഞ്ചിന് ന് വാദ്യകുടം ക്ഷേത്ര മൈതാനിയില്‍ യോഗം ചേരുന്നുണ്ട്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ യോഗത്തില്‍ ആസൂത്രണം ചെയ്യും.
തുടര്‍ നടപടികളുടെ ഭാഗമായി പ്രത്യേക ഗ്രാമസഭകള്‍ വിളിക്കും
മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്തെ കുടിവെള്ളമലിനീകരണം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പ്രത്യേകം ഗ്രാമസഭകള്‍ വിളിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. മണ്ണുപരിശോധനാ ഫലം കിട്ടിയശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാകൂയെന്ന് മുമ്പ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കുടിവെള്ളമലിനീകരണമുള്ള നാല്, അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലാണ് 25, 26 തീയതികളിലായി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് വിഷയം ചർച്ചചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, മലിനീകരണനിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, വാട്ടര്‍ അഥോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ യോഗത്തില്‍ പങ്കെടുപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു.