കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണ ജാഥ ഇരിങ്ങാലക്കുടയില്‍
കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണ ജാഥ ഇരിങ്ങാലക്കുട ആല്ത്തറക്കല് എത്തിച്ചേര്‍ന്നപ്പോള്‍.
മതസ്വാതന്ത്ര്യത്തെ തച്ചുടക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കണം: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട: മതസ്വാതന്ത്ര്യത്തെ തച്ചുടക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണയാത്രക്ക് ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ആല്ത്തറക്കല് നടത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. അവകാശസംരക്ഷണം എന്നു പറയുന്നത് രാഷ്ട്രീയവിശകലനമല്ല, മറിച്ച് ധാര്‍മികമായിട്ടുള്ള ഉത്തരവാദിത്വമാണ്. വിശ്വാസമെന്നത് മൗനമായിട്ടുള്ള പ്രത്യയശാസ്ത്രമല്ല, മറിച്ച് അത് പ്രവൃത്തിയിലൂടെ പ്രകടമാകുന്ന യാഥാര്‍ഥ്യമാണ്. നീതിയുടെയും സത്യത്തിന്റെയും ധാര്‍മികതയുടെയും ശബ്ദമായി നിന്നുകൊണ്ട് അനീതിക്കെതിരെ പോരാടാനും പാവങ്ങളുടെ ശബ്ദമാകുവാനും ഏവരും പരിശ്രമിക്കണം.
വിശ്വാസത്തിനു വിരുദ്ധമായി വര്‍ഗീയശക്തികള്‍ ഉണര്‍ന്നെഴുന്നേറ്റ് വിശ്വാസത്തിന്റെ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം. വന്യമൃഗങ്ങളുടെ ശല്യം മൂലം കര്‍ഷകര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്നും മലയോരകര്ഷകരെ സംരക്ഷിക്കുവാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ മുന്‍പന്തിയില്‍ വരണം. മുനമ്പം ജനതക്ക് നീതി നിഷേധിക്കാന്‍ പാടില്ല. ഒരു വിഭാഗം അധ്യാപകര്‍ക്ക് ശമ്പളം കിട്ടാതെ പട്ടിണിയില്‍ കഴിയുന്ന കുടുംബങ്ങളുണ്ട്. ആ അധ്യാപകര്‍ക്ക് നീതി നിഷേധിക്കരുത്.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം അവസാനം വിജയം കൈവരിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ഗ്ലോബല്‍ സെക്രട്ടറിമാരായ ഡോ. ജോസുകുട്ടി ഒഴുകയ്യില്, പത്രോസ് വടക്കുഞ്ചേരി, രൂപത കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറര്‍ ആന്റണി തൊമ്മാന, ജനറല്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
അനേകം പേര് പങ്കെടുത്ത പ്രകടനമായി ആല്ത്തറക്കലെത്തിയ ജാഥാ ക്യാപ്റ്റന്‍ രാജീവ് കൊച്ചുപറമ്പലിനെ രൂപത വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടന്‍, റീന ഫ്രാന്‍സിസ്, സി.ആര്. പോള്‍, കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് സാബു കൂനന്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. രൂപതയുടെ അതിര്‍ത്തിയായ കരുവന്നൂരില്‍ ജാഥക്കു സ്വീകരണം നല്കി. ചടങ്ങില്‍ പ്രസിഡന്റ് ജോസഫ് തെക്കൂടന്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ അനുഗ്രഹപ്രഭാഷണം നടത്തി. പള്ളി ട്രസ്റ്റി ലൂയീസ് തരകന് നന്ദി പറഞ്ഞു.
തെരഞ്ഞെടുപ്പുകാലത്ത് വോട്ടിന്റെ സമയം വരുമ്പോള്‍ ഞങ്ങളെ അവഗണിച്ചവരെ ഞങ്ങളും അവഗണിക്കും, പ്രഫ. രാജീവ് കൊച്ചുപറമ്പില്‍

തെരഞ്ഞെടുപ്പുകാലത്ത് വോട്ടിന്റെ സമയം വരുമ്പോള്‍ ഞങ്ങളെ അവഗണിച്ചവരെ ഞങ്ങളും അവഗണിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍.അവകാശങ്ങള്‍ ഹനിക്കുകയല്ല, ക്രൈസ്തവരായ എല്ലാ സാധാരണക്കാര്‍ക്കും നീതി ലഭ്യമാക്കണം. വിമോചനസമരത്തിന്റെ ഭീതിയിലാണെങ്കില്‍ ആ സമരം ഒരു ജനകീയ സമരമായിരുന്നെന്ന് ഭരണാധികാരികള്‍ക്ക് ബോധ്യമുണ്ട്.
അത് ഭരണവര്‍ഗത്തിന്റെ കോട്ടകള്‍ പൊളിച്ചിട്ടുണ്ട്. വിമോചനസമരം ആരംഭിക്കാന്‍ പോകുന്നെന്ന് ഭരണാധികാരികള്‍ക്ക് തോന്നലുണ്ടെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറായിക്കൊള്ളൂ. അല്ലെങ്കില്‍ തെരുവോരങ്ങളില്‍ ഇറങ്ങി അനീതിക്കെതിരെ കൈസ്തവ അവകാശങ്ങള്‍ നേടിയെടുക്കും വരെ ക്രൈസ്തവ സമൂഹം സമരരംഗത്തുണ്ടാകും.

അല്പം വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി നാടിന് ഉണ്ടാകേണ്ടിയിരിക്കുന്നു…മോണ്‍. ജോളി വടക്കന്‍
ജൂണ്മാസത്തില് വിദ്യാലയത്തില്‍ കടന്നുവന്ന വിദ്യാര്‍ഥി ഒക്ടോബര്‍ മാസത്തില്‍ വ്യത്യസ്തമായ വസ്ത്രധാരണം വേണമെന്ന് ശാഠ്യം പിടിക്കുമ്പോള്‍ ആ ശാഠ്യത്തിന്റെ പുറകിലുള്ള ദുരുദ്ദേശ്യം തിരിച്ചറിയാനായിട്ട് ഇവിടുത്തെ വിദ്യാഭ്യാസമന്ത്രിക്കോ ഇവിടുത്തെ മന്ത്രിസഭക്കോ കഴിയുന്നില്ല എന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ട വിഷയമാണ്.
ഇവിടെ ഭരിക്കുന്ന പാര്‍ട്ടി ആരുടെ പക്ഷത്താണ് നീതിയുടെ പക്ഷത്താണോ സ്വാതന്ത്ര്യത്തിന്റെ പക്ഷത്താണോ അതോ ഏതെങ്കിലും മതവാദീയ തീവ്രവാദികളുടെ പക്ഷത്താണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന സാഹചര്യങ്ങള്‍ ഇവിടെ ഉടലെടുത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇവിടുത്തെ ഭരണഘടന നല്കുന്ന ന്യൂനപക്ഷത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നമ്മുടെ മന്ത്രിമാര്‍ അടിക്കടി പ്രസ്താവിച്ചുകൊണ്ടിരിക്കുന്നത്.
അല്പം വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രിമാര്‍ നാടിന് ഉണ്ടാകേണ്ടിയിരിക്കുന്നു. രാഷ്ട്രീയത്തിനിറങ്ങുന്നവര്ക്കുണ്ടാകേണ്ട പാരമ്പര്യം എന്നുപറയുന്നത് പൊതുനിരത്തുകളില്‍ അടിയുണ്ടാക്കിയ പാരമ്പര്യമല്ല, പ്രത്യുത രാഷ്ട്രീയമെന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു പാരമ്പര്യമാണ് ഉണ്ടാകേണ്ടത്. ജനമനസ് അറിഞ്ഞുകൊണ്ടുള്ള പാരമ്പര്യത്തിലുള്ള നേതാക്കന്മാരും മന്ത്രിമാരും ഈ നാട് ഭരിക്കേണ്ടിയിരിക്കുന്നു.


നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു