സാമൂഹിക അകലം, മാസ്ക്: പോലീസ് നടപടികള്‍ കര്‍ശനമാക്കുന്നു
ഇരിങ്ങാലക്കുട-150, ആളൂര്‍-90, കാട്ടൂര്‍-108 കേസുകള്‍
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന നടപടികളുമായി പോലീസ് രംഗത്തെത്തി. പൊതുജനങ്ങള്‍ക്കായി പോലീസ് വ്യക്തമായ നിര്‍ദേശം നല്‍കിയെങ്കിലും പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും നിയമം പാലിക്കുന്നതില്‍ അലംഭാവം കാട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം നിയമം പാലിക്കാത്ത 150 ഓളം പേര്‍ക്കെതിരെ ഇരിങ്ങാലക്കുട പോലീസ് പിഴ ഈടാക്കി. കാട്ടൂരില്‍ 108 ഉം ആളൂരില്‍ 90 ഉം പേര്‍ക്കെതിരെയാണു പോലീസ് നടപടികളുടെ ഭാഗമായി പിഴ ഈടാക്കിയത്. കച്ചവട സ്ഥാപനങ്ങളിലും പൊതുസ്ഥലത്തും സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ശരിയായ രീതിയില്‍ ധരിക്കാത്തവര്ക്കെതിരെയുമാണു പ്രധാനമായും കേസെടുത്തിരിക്കുന്നത്. കടയുടമകള്‍ നിയമം കര്‍ശനമാക്കിയാല്‍ മാത്രമേ സാധനം വാങ്ങാന്‍ എത്തുന്നവരും ഇത് പാലിക്കുകയുള്ളൂ. അതിനാല്‍ ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടാല്‍ കടയുടമകള്‍ക്കെതിരെ കേസെടുക്കാനാണു പോലീസിന്റെ നീക്കം. ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലും ഒഫീസുകളിലും തിരക്കില്ലാത്ത കടകളിലും ജോലിചെയ്യുന്ന ധാരാളം പേര് ശരിയായി മാസ്ക് ധരിക്കാത്തത് കണ്ടെത്തി. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് വച്ചശേഷം മാസ്ക് താടിയില്‍ മാത്രം ധരിച്ച് യാത്ര ചെയ്യുന്നതായും പോലീസ് പറഞ്ഞു. ഇത്തരം വാഹനങ്ങളുടെ നമ്പര്‍ നോട്ട് ചെയ്തിട്ടുണ്ട്. മാര്‍ക്കറ്റിലും ബസ് സ്റ്റാന്‍ഡിലും കൂട്ടംകൂടി നില്ക്കുന്ന കാഴ്ചകളാണു പോലീസിനു പലപ്പോഴും സാക്ഷ്യം വഹിക്കേണ്ടി വന്നത്. സമയക്രമം കൃത്യമായി പാലിക്കണമെന്നും ജനങ്ങള്‍ കൂട്ടം കൂടുവാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും കാണിച്ച് ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്നു വാഹനങ്ങളിലായി നഗരത്തിലും ഉള്പ്രദേശളിലും രാത്രിയും പകലും പോലീസ് പെട്രോളിംഗ് ശക്തമാക്കി. നഗരത്തില്‍ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇന്നലെ മുതല്‍ പിക്കറ്റിംഗ് ആരംഭിച്ചു. ഠാണാ, ബസ് സ്റ്റാന്‍ഡ് അടക്കമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസുകാരെ നിയമിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം: സ്ഥിതിഗതികള്‍ വിലയിരുത്തി എംഎല്‍എ
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടേയും സെക്രട്ടറിമാരുടേയും ആരോഗ്യവിഭാഗം പ്രവര്‍ത്തകരുടേയും യോഗം ചേര്‍ന്നു. മഹാമാരിക്കെതിരെ പോരാടാനുള്ള ഉത്തരവാദിത്വം എല്ലാവരും 100 ശതമാനം വിനയോഗിക്കണമെന്നു എംഎല്‍എ പറഞ്ഞു. ഈ നിര്‍ണായക ഘട്ടത്തെ തരണം ചെയ്യുന്നതിനായി വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനു വാര്‍ഡ് തല ആരോഗ്യ സേനയെ ഉപയോഗിക്കണമെന്നും യോഗത്തില്‍ ധാരണയായി. കൂടാതെ മാസ്ക് ഉപയോഗം, കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയെക്കുറിച്ച് വീണ്ടും ബോധവത്കരണം നടത്തല്‍, ആശുപത്രികളില്‍ ഐസിയു കിടക്കകള്‍, ഓക്സിജന്‍ എന്നിവ ഉറപ്പാക്കണമെന്നും ഡൊമിസിയിലിയറി കെയര്‍ സെന്ററും സിഎഫ്എല്‍ ടിസികളും സജ്ജമാക്കണമെന്നും മഴക്കാല പൂര്‍വ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും വാര്‍ഡ് തല ശുചീകരണം ശക്തിപ്പെടുത്തണമെന്നാവശ്യം വരുന്ന ഘട്ടത്തില്‍ കമ്യൂണിറ്റി കിച്ചന് ആരംഭിക്കണമെന്നും കോവിഡ് പാലിയേറ്റീവ് രോഗികള്‍ക്കു മരുന്നുകള്‍ വീട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ഇതിനെല്ലാമായി യുവജന സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ കെ. നായര്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, ആളൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എം.എസ്. വിനയന്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.