പൂമംഗലത്ത് ഇനി ഇ-ഹെല്‍ത്ത് സംവിധാനം
പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍ വന്നു. ഇതോടെ രോഗികളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഡോക്ടറുടെ കുറിപ്പ്, ലാബ് റിസല്‍ട്ട്, ഫാര്‍മസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയും രോഗിയുടെ ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്ത് ലഭിക്കും. ഐഡി നമ്പറിലൂടെ തുടര്‍ ചികിത്സയ്ക്കു ചെല്ലുന്ന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സൗകര്യം ലഭ്യമാകും. മൂന്നു വര്‍ഷം മുമ്പു പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച ആര്‍ദ്രം പദ്ധതിയുടെ തുടര്‍ച്ചയായി എന്‍ആര്‍എച്ച്എം ഫണ്ട്, എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പഞ്ചായത്ത് പദ്ധതിപണം എന്നിവ ഉപയോഗിച്ച് വിപുലമായ സൗകര്യങ്ങളാണു ആശുപത്രികളില്‍ ഒരുക്കിയത്. പാലിയേറ്റീവ് രോഗികള്‍ക്കു ആശ്വാസമായി പാലിയേറ്റീവ് സെന്ററും സുകൃതം പദ്ധതിയും ഇവിടെ നടപ്പാക്കുന്നുണ്ട്. ഇ-ഹെല്‍ത്ത് പരിപാടി പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.ആര്. വിനോദ്, മിനി ശിവദാസന്‍, കവിത സുരേഷ്, ഈനാശു പല്ലിശേരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദേവി എന്നിവര്‍ പ്രസംഗിച്ചു.