മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച റൗഡി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഠാണാവില്‍ മെറീന ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ യുവാവിനെ റോഡില്‍ ഓടിച്ചിട്ടു വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായി. ഇരിങ്ങാലക്കുട കനാല്‍ ബേസ് കേളനിയില്‍ വടക്കുംതല വീട്ടില്‍ മിഥുനെയാണ് (34) ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു. കെ. തോമസ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന തെക്കേത്തല വീട്ടില്‍ ജിനുലാലിനാണ് (25) വെട്ടേറ്റത്. തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ജിനു ലാല്‍. ഒരാഴ്ച മുമ്പ് ജിനുലാലും കൂട്ടരും മിഥുനുമായി അടിപിടി ഉണ്ടായതായി പറയുന്നുണ്ട്. ഇതിലുള്ള വൈരാഗ്യത്താല്‍ കുറച്ചു ദിവസമായി ഇവരെ ആക്രമിക്കാന്‍ പദ്ധതിയിട്ടു നടക്കുകയായിരുന്നു മിഥുന്. പല സ്ഥലത്തു വച്ചു പിന്തുടര്ന്നെങ്കിലും വ്യാഴാഴ്ച രാത്രി തട്ടുകടയ്ക്കടുത്തു വച്ച് കണ്ടയുടനെ ഓട്ടോയിലെത്തിയ പ്രതി വാളുമായി ഓടിയെത്തി കഴുത്തിനു പുറകില്‍ വെട്ടുകയായിരുന്നു. ഭയന്നു പോയ ജിനു പ്രാണരക്ഷാര്‍ത്ഥം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. കഴുത്തിന് പുറകില്‍ ആഴത്തിലുള്ള മുറിവേറ്റ ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണ ശേഷം ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതി മൂന്നുപീടികയില്‍ എത്തി അവിടെ നിന്ന് പല ബൈക്കുകളില്‍ കയറി കൊടുങ്ങല്ലൂര്‍ പോയി അര്‍ധ രാത്രിയോടെ ചാലക്കുടിയിലെത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. രണ്ടു വര്‍ഷം മുന്‍പ് വിവാഹവീട്ടിലെ കത്തിക്കുത്ത് കേസുള്‍പ്പെടെ ആറോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മിഥുന്. ഇരിങ്ങാലക്കുട എസ്ഐ എം.എസ.് ഷാജന്, ഉദ്യോഗസ്ഥരായ എസ്. ശ്രീലാല്‍, ക്ലീറ്റസ്, കെ.എ. ജോയ്, എ.കെ. രാഹുല്‍, അനീഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.