കോന്തിപുലം സ്ഥിരം തടയണ പ്രതീക്ഷയോടെ കര്‍ഷകര്‍, 2.44 കോടി രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി കോന്തിപുലം പാലത്തിന് കിഴക്കുഭാഗത്ത് കെഎല്‍ഡിസി കനാലിന് കുറുകെ നിര്‍മിക്കുന്ന താല്കാലിക തടയണയ്ക്ക് പകരം സ്ഥിരം തടയണ നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി. പദ്ധതി തുകയുടെ 20 ശതമാനമായ 2.44 കോടി രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവടങ്ങളിലായുള്ള 4,500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനായിട്ടാണ് വര്‍ഷം തോറും താല്കാലികമായി തടയണ നിര്‍മിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന തടയണ പൊട്ടുന്നത് തുടര്‍ക്കഥയായതോടെ സ്ഥിരം തടയണ വേണമെന്ന് വര്‍ഷങ്ങളായി കര്‍ഷകരും കര്‍ഷക സംഘങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും പദ്ധതി നീണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ ബജറ്റില്‍ കോന്തിപുലം പാടം സ്ഥിരംതടയണ നിര്‍മാണം പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ടോക്കണ്‍ മണിയായി നൂറുരൂപ മാത്രമാണ് വെച്ചിരുന്നത്.
എന്നാല്‍, പദ്ധതിക്കാവശ്യമായ തുകയുടെ 20 ശതമാനമെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു മേജര്‍ ഇറിഗേഷന്‍ വകുപ്പ് പറഞ്ഞിരുന്നത്. പതിനൊന്നര കോടിയുടെ പദ്ധതിക്ക് ജിഎസ്ടി അടക്കം 12.21 കോടി രൂപയാണ് ഷട്ടര്‍ കം സ്ലൂയിസ് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. മലബാര്‍ ഇറിഗേഷന്‍ പ്രോജക്ടിനുവേണ്ടി തയ്യാറാക്കിയ പദ്ധതിയുടെ മാതൃകയിലാണ് കോന്തിപുലത്ത് ഷട്ടര്‍ കം സ്ലൂയിസ് ഒരുക്കുന്നത്. വീതികൂടിയ നാല് ഷട്ടറുകളടങ്ങിയതാണ് സ്ലൂയിസ്. പദ്ധതിത്തുകയുടെ 20 ശതമാനം ബജറ്റില്‍ വകയിരുത്തിയതോടെ ഈ വര്‍ഷം തന്നെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ജലസേചനവകുപ്പും.