കോള്‍നിലങ്ങളില്‍ നിന്നും ക്രൈസ്റ്റ് കാമ്പസില്‍ നിന്നും കുയില്‍ തേനീച്ചയെ ഗവേഷകര്‍ കണ്ടെത്തി …
ഇരിങ്ങാലക്കുട: കേരളത്തില്‍ നിന്ന് ഒരു പുതിയ ഇനം കുയില്‍ തേനീച്ചയെ കണ്ടെത്തി. കുക്കു ബീ വിഭാഗത്തില്‍ പെടുന്ന തൈറിയസ് നരേന്ദ്രാനി എന്ന പേരിട്ടിരിക്കുന്ന ഈ സ്പീഷീസിനെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോടഞ്ചേരി ഗവണ്മെന്റ് കോളേജ് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് കണ്ടെത്തിയത്. തൈറിയസ് നരേന്ദ്രാനി എന്ന നാമം അന്തരിച്ച ഡോക്ടര്‍ ടി. സി. നരേന്ദ്രന്റെ
ഓര്‍മ്മയ്ക്കായിട്ടാണ് നല്‍കിയിരിക്കുന്നത്. എന്റമോളജി അഥവാ പ്രാണിശാസ്ത്ര പഠന മേഖലയില്‍ അദ്ദേഹത്തിന്റെ മികവും സംഭാവനകളും
കണക്കിലെടുത്താണ് ഈ നാമം പുതിയ സ്പീഷിസിന് നല്‍കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കോള്‍ നിലമായ സ്രായില്‍ കടവില്‍ നിന്നും ക്രൈസ്റ്റ് കോളേജ് ക്യാമ്പസില്‍ നിന്നുമാണ് പുതിയ സ്പീഷീസിനെ ഗവേഷകര്‍ കണ്ടെത്തിയത്. കോള്‍നിലങ്ങള്‍ ജൈവവൈവിധ്യസമ്പന്നമായ
ഒരു ആവാസവ്യവസ്ഥയാണ്. കേരളത്തില്‍ തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് കോള്‍ നിലങ്ങള്‍ കാണപ്പെടുന്നത്. ഈ ആവാസവ്യവസ്ഥയുടെ പ്രാധാന്യം കണക്കിലെടുത്ത് 2002 മുതല്‍ ഇതിനെ റാംസാര്‍ സൈറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷഡ്പദങ്ങളുടെ വിഭാഗത്തില്‍ തന്നെ ഏറ്റവും ഉപകാരികളായവരാണ് തേനീച്ചകള്‍. ലോകത്ത് ഭൂരിഭാഗം വിളകളുടെയും മറ്റു സസ്യജാലങ്ങളുടെയും പരാഗണത്തിന് സഹായിക്കുന്ന ജീവികളാണ് തേനീച്ചകള്‍. തേനീച്ചകള്‍ കൂട്ടമായി കോളനികളില്‍ താമസിക്കുന്നവരും തേനും അതുപോലെതന്നെ വാക്സും ഉല്പാദിപ്പിക്കുന്നവരുമാണ്. എന്നാല്‍ ഇവരുടെ കൂട്ടത്തില്‍ തന്നെ കോളനിയായി താമസിക്കാത്തവരും തേന്‍ ഉല്പ്പാദിപ്പിക്കാത്തവരും ആയിട്ടുള്ള
വിഭാഗവും ഉണ്ട്. അവയെ സോളിറ്ററി ബീ അഥവാ ഏകാകി തേനീച്ചകള്‍ എന്നാണ് വിളിക്കുന്നത്. ഏകാകി തേനീച്ചകള്‍ ഒറ്റയ്ക്ക് കൂടുണ്ടാക്കി
താമസിക്കുന്നവരാണ്. സസ്യജാലങ്ങളുടെ പരാഗണത്തില്‍ തേനീച്ചകളെപ്പോലെ ഇവയും സഹായിക്കുന്നുണ്ട്. എന്നാല്‍ സ്വന്തമായി
കൂടുണ്ടാക്കാത്തവരും പരാഗണത്തില്‍ സഹായിക്കാത്തവരും ആയിട്ടുള്ള ഒരു വിഭാഗം ഉണ്ട്. അതാണ് കുക്കു ബീ അഥവാ കുയില്‍ തേനീച്ചകള്‍ .കുയില്‍ തേനീച്ചകള്‍ മറ്റ് ഏകാകി തേനീച്ചകളുടെ കൂട്ടില്‍ മുട്ടയിടുന്നവരാണ്. അവ പക്ഷികളിലെ കുയിലിന്റെ സ്വഭാവം. കാണിക്കുന്നതുകൊണ്ടാണ് കുക്കു ബീ എന്ന് വിളിക്കുന്നത്. ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് ഗവേഷക അഞ്ജു സാറാ പ്രകാശ്, ക്രൈസ്റ്റ് കോളേജ് അധ്യാപകനും എസ്. ഇ. ആര്. എല്‍. മേധാവിയുമായ ഡോ. ബിജോയ് സി,കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ അധ്യാപകനും ഗവേഷക മേധാവിയുമായ ഡോ. ജോബിരാജ് ടി. എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ ജീവിയുടെ സാന്നിധ്യവും, ഇതിന്റെ പൂര്‍ണ വിവരണവും അടങ്ങിയ വിവരങ്ങള്‍ അന്താരാഷ്ട്ര ശാസ്ത്ര മാസിക ആയ ‘ഓറിയന്റല്‍ ഇന്‍സെക്ട്സ് സിലാണ് ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൗണ്‍സില്‍ ഫോര്‍ സയന്തിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്