ഉണ്ണായിവാരിയര്‍ കലാനിലയത്തില്‍ ആറുമാസമായി ശമ്പളമില്ല
2022-23 വര്‍ഷത്തെ ഗ്രാന്റില്‍ ഇനി ലഭിക്കാനുള്ളത് 10 ലക്ഷം
ഇരിങ്ങാലക്കുട: ഗ്രാന്റ് വൈകിയതോടെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ആറുമാസമായി ശമ്പളം നല്കാനാകാതെ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രതിസന്ധിയില്‍. 2022 സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഗ്രാന്റിനെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന കലാനിലയത്തില്‍ 2022-23 വര്‍ഷത്തെ 50 ലക്ഷം ഗ്രാന്റില്‍ ഇതുവരെ 40 ലക്ഷം മാത്രമാണ് ലഭിച്ചിട്ടുള്ളത്. 50 ലക്ഷത്തില്‍ 30 ലക്ഷം നേരത്തെ ലഭിച്ചിരുന്നു. ശേഷിക്കുന്ന 20 ലക്ഷം ആവശ്യപ്പെട്ട് കലാനിലയം കത്തയച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ ഈ ജനുവരിയിലാണ് പത്ത് ലക്ഷം അനുവദിച്ചത്. ഇതിനെ തുടര്‍ന്ന് ശമ്പള കുടിശികയില്‍ 2022 ഓഗസ്റ്റ് വരെ മാത്രമാണ് ശമ്പളം നല്കാന് കഴിഞ്ഞത്. കഥകളി അഭ്യാസത്തിനായി സര്‍ക്കാര്‍ നടത്തുന്ന രണ്ട് പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തെക്കേനടയില്‍ സ്ഥിതി ചെയ്യുന്ന ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം. 11 അധ്യാപകരും നാല് ഓഫീസ് സ്റ്റാഫും ഒരു പാര്‍ട്ട് ടൈം സ്വീപ്പറുമടക്കം 16 പേരാണ് കലാനിലയത്തില്‍ ജോലി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റുകൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന കലാനിലയത്തില്‍ അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളവും വിദ്യാര്‍ഥികളുടെ സ്!!*!െറ്റെപ്പന്ഡിനുമായി ഒരു വര്‍ഷം 65 ലക്ഷത്തോളം രൂപ വേണം. ഇതിനുപുറമേ ബോണസും മറ്റ് ആനുകൂല്യങ്ങളുമടക്കം 80 ലക്ഷം രൂപ പ്രതിവര്‍ഷം ആവശ്യമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും മാസം തോറും 1500 രൂപ വെച്ചാണ് അനുവദിക്കുന്നത്. 2009ലെ ശമ്പള പരിഷ്കരണ പ്രകാരമുള്ള വേതനമാണ് കലാനിലയം അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇപ്പോഴും ലഭിക്കുന്നത്. 2014ലെ ശമ്പള പരിഷ്കരണത്തിന്റെ ഗുണം ഇതുവരേയും ലഭിച്ചിട്ടില്ല. 2009ലെ ആനുകൂല്യംതന്നെ കോടതി ഉത്തരവ് പ്രകാരമാണ് ലഭിച്ചത്. 2014ലെ വേതന പരിഷ്കരണത്തിന് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നും അനുവദിച്ച് കിട്ടിയിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് 2020-21 ലെ ബജറ്റില്‍ സ്പെഷ്യല്‍ ഗ്രാന്റായി ഒരുകോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ 50 ലക്ഷം മാത്രമാണ് അനുവദിച്ചത്.