വെളയനാട് സെന്റര്‍ അപകടക്കവല
വെളയനാട്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ വെളയനാട് സെന്റര്‍ അപകട മേഖലയാകുന്നു. വെള്ളാങ്കല്ലൂര്‍ ചാലക്കുടി റോഡും നടവരമ്പ് മാള റോഡും കടന്നുപോകുന്ന ഭാഗമാണിത്. നാല് റോഡുകളില്‍നിന്ന് വാഹനങ്ങള്‍ എത്തുന്ന കവലയായതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. ഇക്കാരണത്താല്‍ കാല്‍നടയാത്രപോലും ഇവിടെ സാഹസികമാണ്. കഴിഞ്ഞ ഞായറാഴ്ച വെള്ളാങ്കല്ലൂര്‍ ഭാഗത്തുനിന്ന് വന്ന ഓട്ടോ ടാക്സിയും പുത്തന്‍ചിറ ഭാഗത്തുനിന്ന് വന്ന കാറും സെന്ററില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഓട്ടോ ടാക്സിയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബസ് സ്റ്റോപ്പിനോടു ചേര്‍ന്നുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം തകര്‍ത്താണ് കാര്‍ നിന്നത്. രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്കും രൂക്ഷമാണ്. കൊടുങ്ങല്ലൂര്‍ കൂര്‍ക്കഞ്ചേരി റോഡുപണി നടക്കുന്നതിനാല്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ക്കുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. ഇതോടെ വെളയനാടിലൂടെ കടന്നുപോകുന്ന രണ്ട് റോഡിലൂടെയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഉള്‍പ്പെടെ പോകുന്നുണ്ട്. അപകടമേഖലയായിട്ടും പലപ്പോഴും വാഹനങ്ങള്‍ ഹോണ്‍ മുഴക്കാതെയും വേഗതയിലും പാഞ്ഞുപോകുന്നതിനാല്‍ ഇതുവഴി നടക്കാന്‍പോലും പേടിയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് ഇവിടെയുണ്ടായ ബൈക്കപകടത്തില്‍ ഒരു യുവാവ് മരിച്ചിരുന്നു. അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോള്‍ നടവരമ്പ് മാള റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരുന്നു. പിന്നീട് അതും എടുത്തുമാറ്റി. സെന്ററില്‍ വേഗത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡുപണി തുടങ്ങുന്നതിന് മുന്നോടിയായി നടന്ന യോഗത്തില്‍ ഇവിടത്തെ അപകടസാധ്യത ചര്‍ച്ച ചെയ്തിരുന്നെങ്കിലും നടപടിയൊന്നുമായില്ല.