കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അന്നദാനം പണ്ടേ പ്രശസ്തം, പ്രസാദ ഊട്ടിന് ആയിരങ്ങള്‍
ഇരിങ്ങാലക്കുട: ഉത്സവത്തിനെത്തുന്ന എല്ലാവര്ക്കും ഭക്ഷണം കൊടുക്കുന്ന സമ്പ്രദായം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മഹത്വമാണ്. കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകള്‍ വരിനിന്നാണ് അന്നദാനത്തില്‍ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതില്‍ ഉപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളര്‍ന്നു കഴിഞ്ഞതായി ദേവസ്വം അധികൃതര്‍ പറയുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിനിടക്ക് എട്ട് ദിവസങ്ങളിലായി അറുപതിനായിരത്തോളം പേര്‍ക്കാണ് ദേവസ്വം നാലുനേരങ്ങളിലായി സൗജന്യ ഭക്ഷണം നല്‍കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അനുസരിച്ച് എത്തുന്ന ഉദ്യോഗസ്ഥര്‍, പോലീസ്, കലാകാരന്മാര്, ആനക്കാര്, മേളക്കാര്, ഉത്സവ വളണ്ടിയര്‍മാര്‍, ആഘോഷകമ്മിറ്റി ഭാരവാഹികള്‍ എന്നിവരെല്ലാം അന്നദാനത്തില്‍ പങ്കാളികളാകുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് തെക്കേ ഊട്ടുപുരയിലും മേളക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും കലാകാരന്മാര്ക്കും ഭാരവാഹികള്‍ക്കും മറ്റും കലാനിലയം ഹാളിലുമാണ് അന്നദാനം. രാവിലെ പ്രഭാതഭക്ഷണം, ഉച്ചക്ക് പ്രസാദഊട്ട്, ഉച്ചതിരിഞ്ഞ് ചായയും കടിയും രാത്രി ഭക്ഷണം എന്നിങ്ങനെയാണ് നല്‍കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രംപോലെ തന്നെ ഊട്ടുപുരയും പണ്ടേ പ്രസിദ്ധമാണ്. അന്നദാനത്തേക്കാള്‍ പ്രശസ്തമാണു പണ്ട് ഉത്സവകാലത്ത് ഇലയില്‍ വിളമ്പുന്ന പുളിങ്കറിക്കും. പുളിങ്കറി കൂട്ടി ചോറുണ്ടതിന്റെ ആസ്വാദ്യത പ്രസിദ്ധ കവി വൈലോപ്പിള്ളി ശ്രീധരമേനോന് ബാലചന്ദ്രന് ചുള്ളിക്കാടുമായി പങ്കുവെക്കുന്നുണ്ട്. കൂടല്‍മാണിക്യം ഊട്ടുപുര ഭക്ഷണം രുചിപ്പ് മധുരമൂറുന്ന വാക്കുകള്‍ കുഞ്ഞുണ്ണിമാഷ്, തട്ടേക്കാട് തുടങ്ങിയ പ്രശസ്ത എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. കൊടിപ്പുറത്ത് വിളക്ക് ദിവസം മുതല്‍ പള്ളിവേട്ട ദിവസം വരെയാണ് അന്നദാനം. കൊടിപ്പുറത്ത് വിളക്ക്, വലിയ വിളക്ക്, പള്ളിവേട്ട എന്നിങ്ങനെ മൂന്ന് ദിവസങ്ങളില്‍ പ്രസാദഊട്ടിനൊപ്പം പായസം നല്‍കുന്നുണ്ട്. ഓരോ ദിവസവും ഏഴായിരത്തിലേറെ പേര്‍ക്ക് അന്നദാനം നല്‍കുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് 11.30 മുതല്‍ രണ്ടുവരെയാണ് അന്നദാനമെങ്കിലും ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്. നന്തിപുലം സ്വദേശിയും പ്രമുഖ പാചകക്കാരനുമായ മധുവാണ് ഇക്കുറി പാചകത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അഞ്ചാം തവണയാണ് മധു കൂടല്‍മാണിക്യം ഉത്സവത്തിന്റെ പാചകം ഏറ്റെടുക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പഴയിടം മോഹനന് നമ്പൂതിരി, ഉണ്ണിസ്വാമി, സ്വാമീസ് ഗ്രൂപ്പ് എന്നീ പ്രമുഖ പാചകക്കാരെല്ലാം ഈ ചുമതല വഹിച്ചിട്ടുണ്ട്. പത്ത് ദിവസങ്ങളിലായി നടക്കുന്ന അന്നദാനത്തിന് 25 ലക്ഷത്തോളം രൂപയാണ് ചിലവ്.