ഡോണ്‍ ഗ്രേഷ്യസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി, വിടചൊല്ലി നാട്
തേങ്ങലടക്കാനാകാതെ തുറവന്‍കുന്ന് ഗ്രാമം
ഇരിങ്ങാലക്കുട: ഡോണ്‍ ഗ്രേഷ്യസിന്റെ അകാല വേര്‍പാടില്‍ കണ്ണുനീര് തോരാതെ തുറവന്‍കുന്ന് ഗ്രാമവും ബന്ധുമിത്രാദികളും. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ തേങ്ങലായിരുന്നു അത്. ഡോണിന് അപകടം സംഭവിച്ചുവെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഈ കുടുംബത്തിന്റെ പ്രാര്‍ഥനയില്‍ നാടും പങ്കുചേര്‍ന്നിരുന്നു. ഗുരുതരമാണെന്നറിഞ്ഞിട്ടും നാടു മുഴുവന്‍ പ്രാര്‍ഥനയോടെ അവന്റെ തിരിച്ചുവരവും കാത്തിരുന്നു. ഒടുവില്‍ ഒരു നാടിന്റെയും കുടുംബത്തിന്റെയും പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി മൂന്നു പേര്‍ക്ക് ജീവന് പകുത്തു നല്കി അവന് യാത്രയായി. അപ്പോള്‍ മുതല്‍ ഡോണിനെ അവസാനമായി ഒരു നോക്കു കാണാന്‍ കാത്തിരിക്കുകയായിരുന്നു ഈ ഗ്രാമവാസികള്‍. ഇന്നലെ രാവിലെ ഡോണിന്റെ മൃതദേഹം തുറവന്‍കുന്ന് സെന്റ് ജോസഫ് ദേവാലയത്തില്‍ കൊണ്ടുവന്നപ്പോള്‍ എന്നും ഡോണിനോടൊപ്പം ഉണ്ടായിരുന്ന അള്‍ത്താര ബാലന്മാരുടെ സങ്കടം താങ്ങാവുന്നതിലപ്പുറമായിരുന്നു. ഡോണിന്റെ ചേതനയറ്റ ശരീരം അള്‍ത്താരക്കു മുന്നില്‍ കത്തിച്ചുവെച്ച മെഴുകുതിരികള്‍ക്ക് നടുവില്‍ കിടത്തിയപ്പോള്‍ ജീവിത വഴികളില്‍ സുഹൃത്തുക്കളായി ഒന്നിച്ചു നടന്ന അള്‍ത്താര ബാലന്മാര് റോസാപ്പൂക്കള്‍ അര്‍പ്പിച്ചു. ഡോണിനെ കാണാനെത്തിയവരെല്ലാം കണ്ണുനീര് പൊഴിച്ചാണ് മടങ്ങിയത്. ജപമാല കൈകളിലേന്തി സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ഡോണിന്റെ അമ്മ സോഫിയും പിതാവ് ജോസും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. രൂപത വികാരി ജനറല്‍മാരായ മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, ഇടവക വികാരി ഫാ. ഷാജു ചിറയത്ത്, മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍, ഫാ. ജോണ്‍പോള്‍ ഇയ്യന്നം, ഫാ. തോമസ് നട്ടേക്കാടന്‍, ഫാ. ഡേവീസ് ചെങ്ങിനിയാടന്‍, ഫാ. ആന്റോ വട്ടോളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് താന്‍ ഒന്നാം ക്ലാസു മുതല്‍ പഠിച്ച ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുവന്നു. പഠനത്തിലും പരീക്ഷകളിലും ഒന്നാമനായ ഡോണിന്റെ വേര്‍പാട് അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ വേദനാജനകനായിരുന്നു. തങ്ങളോടൊപ്പം കളിച്ചും ചിരിച്ചും നടന്ന ഡോണിനെ സ്കൂളിലെ ചാപ്പലില്‍ കിടത്തിയപ്പോള്‍ ഇതു കണ്ടു നിന്ന കൂട്ടുകാര്‍ക്കും സങ്കടം സഹിക്കാനായില്ല. ദുഖം ഉള്ളിലൊതുക്കി പലരും കണ്ണുനീര് പൊഴിച്ചു. സ്കൂളിനു വേണ്ടി ഡോണ്‍ബോസ്കോ സ്കൂള്‍ റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മണിക്കൊമ്പില്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസിന് താഴേത്തട്ട് എന്നിവര്‍ ചേര്‍ന്ന് റീത്ത് സമര്‍പ്പിച്ചു. ദിവ്യബലിക്ക് ഡോണ്‍ബോസ്കോ സ്കൂള്‍ റെക്ടര്‍ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മണിക്കൊമ്പില്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസിന് താഴേത്തട്ട്, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ഐസിഎസ്ഇ പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ എന്നിവര്‍ കാര്‍മികരായിരുന്നു. മുന്‍ രൂപത വികാരി ജനറല്‍ ഫാ. ജോയ് പാലിയേക്കര, കിഡ്നി ഫെഡറേഷന് ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍, ഹൃദയ പാലിയേറ്റീവ് ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി, ഫാ. ഫ്രാങ്കോ പറപ്പുള്ളി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. 12 ന് തുറവന്‍കുന്ന് ദേവാലയത്തില്‍ സംസ്കാരം നടത്തി. സമൂഹത്തിലെ നാനാതുറയിലുള്ളവര്‍ ആദരാഞ്ജലിയര്പ്പിക്കുവാന് എത്തിയിരുന്നു. മത-രാഷ്ട്രീയ സാമൂഹിക മേഖലയില്‍ ഉള്ളവരും വൈദീകരും സന്യസ്തരും തുടങ്ങി നിരവധിപേരാണ് ആദരാഞ്ജലിയര്പ്പിക്കുവാന് എത്തിയത്.