ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കാതെ ഇരിങ്ങാലക്കുടയോട് അവഗണന, പ്രതിഷേധവുമായി യാത്രക്കാര്‍
കല്ലേറ്റുംകര: ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കാതെ ഇരിങ്ങാലക്കുട സ്റ്റേഷനെ തഴയുന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം ഒരുപാട് യാത്രക്കാര്‍ക്ക് സഹായകരമാകുമായിരുന്ന മംഗലാപുരം എക്സ്പ്രസിന് പുതിയ സ്റ്റേഷനുകള്‍ അനുവദിച്ചതില്‍ ഇരിങ്ങാലക്കുടയെ ഒഴിവാക്കിയതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. ഒന്‍പത് വര്‍ഷമായി ഒരു ട്രെയിന്‍ പോലും ഇരിങ്ങാലക്കുടയില്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇവിടെ നിര്‍ത്തിയിരുന്ന അഞ്ചു ട്രെയിനുകളുടെ സ്റ്റോപ്പ് ഇല്ലാതാക്കുകയും ചെയ്തു. ഇതുമൂലം യാത്രക്കാരുടെ ദുരിതം വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. സ്റ്റോപ്പ് നിക്ഷനിഷേധിക്കപ്പെട്ടതോടെ തൃശൂരിലോ ചാലക്കുടിയിലോ ഇറങ്ങേണ്ട അവസ്ഥയിലാണ് യാത്രക്കാരെന്നും അവര്‍ പറഞ്ഞു. ജനപ്രതിനിധികളുടെ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകാത്തതാണ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ അവസ്ഥ കാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഒരു വര്‍ഷം ആറ് കോടി വരുമാനവും ആറ് ലക്ഷം യാത്രക്കാരുമുള്ളതും 100 വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ റെയില്‍വേ സ്റ്റേഷന് ഇപ്പോഴും ഡി ഗ്രേഡില്‍ തന്നെ കിടക്കുന്നതിന്റെ കാരണം അന്വേഷിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
എംപിയും എംഎല്‍എയും ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി
റെയില്‍വേ സ്റ്റേഷന് വികസനത്തിന് സ്ഥലം എംപിയും എംഎല്‍എയും യാതൊന്നും ചെയ്യുന്നില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് സന്ദര്‍ശിച്ച് യാത്രക്കാരുടെ പരാതി കേള്‍ക്കുകയും അതനുസരിച്ചുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ റെയില്‍വേയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ട്രെയിനുകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കടലാസ് കൊടുത്തുവെന്നല്ലാതെ അതിനെക്കുറിച്ച് പിന്നീട് യാതൊരുവിധ അന്വേഷണവും എംപി നടത്താതിരുന്നതാണ് തിരിച്ചടിയായത്. മറ്റ് സ്ഥലങ്ങളിലുള്ള ജനപ്രതിനിധികള്‍ പ്രദേശികമായി നടത്തുന്ന ഇടപെടലുകള്‍ മൂലമാണ് അവിടെ വികസനം വരുന്നത്. എന്നാല്‍ ഇവിടെ എംപിയോ എംഎല്‍എയോ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കുകപോലും ഉണ്ടായിട്ടില്ലെന്ന് ബിജെപി ആരോപിച്ചു
പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്റെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള നിരന്തരമായ അവഗണനയില്‍ ജനതാദള്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിചചു. ജില്ലയില്‍ തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം യാത്രക്കാരുള്ള ഇരിങ്ങാലക്കുടയെ എംപി സ്ഥിരമായി അവഗണിക്കുകയാണ്. പ്രസിഡന്റ് രാജു ജോണ്‍ പാലത്തിങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോസ് സി. ജേക്കബ്, ജേക്കബ് ആലപ്പാട്ട്, ജോസ് പുന്നാംപറമ്പില്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.
സിപിഐ റെയില്‍വേ സ്റ്റേഷന് പ്രതിഷേധ മാര്‍ച്ച് ഇന്ന്
ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന രാവിലെ പത്തിന് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അറിയിച്ചു. ജില്ലയില്‍ തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരും വരുമാനവുമുള്ള റെയില്‍വേ സ്റ്റേഷനാണിത്. ട്രയിനുകളുടെ നിറുത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, പുതിയ ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനായി പരിഗണിക്കുക സ്റ്റേഷനില്‍ ബാത്ത്റൂം, വിശ്രമമുറി ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാര്‍ച്ച് സിപിഐ ജില്ലാ സെക്രട്ടറികെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യും.