ആവിഷ്കാരപ്രപഞ്ചം തുറന്ന് നവരസോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ നടത്തിയ നവരസസാധന ശില്പശാലയുടെ സമാപനം വിവിധ ആവിഷ്കാരങ്ങളുടെ സംഗമമായി. കര്‍ണാടകത്തിലെ ഹോസൂരില്നിന്നെത്തിയ സായി ബൃന്ദാ രാമചന്ദ്രന് ഭരതനാട്യവും ഹിന്ദി ചലച്ചിത്രതാരമായ ചേതനാ ധ്യാനി മണിപ്പൂരിനൃത്തവും നടിയും നര്‍ത്തകിയുമായ ഇഷാ തല്‍വാര്‍ കഥക് നൃത്തത്തിന്റെ മുഗള്‍ശൈലിയും അവതരിപ്പിച്ചു. ഷെറിന് സെയ്ഫിന്റെ കഥാവിഷ്കാരവും വ്യത്യസ്തമായി. സ്വര്ലോകനര്ത്തകി ഉര്‍വശിയുടെയും പുരൂരവസിന്റെയും പ്രേമകഥയാണ് ഷെറിന് മുദ്രകളും ഭാവാഭിനയവും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ചത്. നാടകനടന്‍ നടരാജ് കുമാര്‍ അന്‍ഹാന്‍ സ്ത്രീവേഷം കെട്ടുന്ന പുരുഷന്റെ കഥ ഹ്രസ്വനാടകമായി അവതരിപ്പിച്ചു.