ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം: പുതിയ കളരിക്ക് രൂപരേഖ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിന് പുതിയ കളരി ഒരുക്കാന്‍ പദ്ധതി. നിലവിലുള്ള ഓഡിറ്റോറിയം പൊളിച്ച് പുതിയ കളരിയും ഓഫീസ് കെട്ടിടവും നിര്‍മിക്കാനാണ് ഭരണസമിതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അറുപതുവര്‍ഷത്തിലേറെ പഴക്കമുള്ള കലാനിലയത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലാണ് പദ്ധതി. ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് കേരളീയമാതൃകയില്‍ ഇതിനായി രൂപരേഖ ഒരുക്കിയിരിക്കുന്നത്. മുന്‍വശത്തെ ജീര്‍ണാവസ്ഥയിലുള്ള ഓഡിറ്റോറിയം മാറ്റി ഇപ്പോള്‍ പിറകിലുള്ള ഓഫീസ് കെട്ടിടം മുന്നിലും അതിനു പിറകില്‍ കളരിയും എന്ന നിലയിലാണ് പുതിയ കെട്ടിടം നിര്‍മിക്കുക.
കള്‍ച്ചറല്‍ ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി വിദേശികളടക്കമുള്ളവരെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കലാനിലയം സെക്രട്ടറി സതീഷ് വിമലന് പറഞ്ഞു. കഥകളിക്കു പുറമേ മറ്റ് കലാരൂപങ്ങളുടെ അവതരണംകൂടി ഇവിടെ സാധ്യമാക്കും. ഇതിനായി കൂടുതല്‍ വെളിച്ചവും കാറ്റും ലഭിക്കും വിധം പ്രതിധ്വനിയില്ലാത്ത രീതിയില്‍ കളരിനിലയം ഒരുക്കാനാണ് പദ്ധതി. 4858 ചതുരശ്രയടി വിസ്തീര്‍ണമുള്ള കളരിനിലയത്തില്‍ 150 പേര്‍ക്ക് ഇരുന്ന് കളി കാണാനാകും. സ്റ്റേജ്, അണിയറ എന്നിവയും ഇതിലുണ്ടാകും.
നളചരിതം ആട്ടക്കഥയുടെ കര്‍ത്താവായ ഉണ്ണായിവാരിയരുടെ ജന്മഗൃഹം ഇരുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം തെക്കേനടയിലാണ് കലാനിലയം പ്രവര്‍ത്തിക്കുന്നത്. 1955ല്‍ ആണ് കലാനിലയം സ്ഥാപിച്ചത്. 3.7 കോടി രൂപയാണ് നവീകരണത്തിന് ചെലവ് കണക്കാക്കുന്നത്. കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പിന്റെ സാമ്പത്തികസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള നിവേദനം ടി.എന്‍. പ്രതാപന് എം.പി. വഴി കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡിക്ക് നല്‍കിയിട്ടുണ്ട്.