അയര്‍ലൻഡില്‍ മരിച്ച വ്യക്തിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സഹായമഭ്യര്‍ഥിച്ച് കുടുംബം
ഇരിങ്ങാലക്കുട : കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപമുള്ള പൊറത്തിശേരി സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ വിന്‍സെന്റ് (72) മരിച്ചത് മനംനൊന്ത്. അയര്‍ലൻഡിലെ ദ്രോഗഡയില്‍ കഴിഞ്ഞദിവസമായിരുന്നു മരണം.രാജസ്ഥാനിലെ സ്വകാര്യ കമ്പനിയിലായിരുന്നു വിന്‍സന്റ് ജോലിചെയ്തിരുന്നത്. കൊല്ലം പത്തനാപുരം സ്വദേശിയായ ഭാര്യ താര രാജസ്ഥാനിലെ ഇൻഡസ്ട്രിയല്‍ ആശുപത്രിയിലെ നേഴ്സായിരുന്നു.
28 വര്‍ഷത്തോളം ഇവരും കുടുംബവും അവിടെ ജീവിച്ചു. 2002ല്‍ ഇവര്‍ വിരമിച്ച ശേഷം നാട്ടില്‍ ഇരിങ്ങാലക്കുടയില്‍ സ്ഥിരതാമസമാക്കി. ജീവിത സായാഹ്നത്തില്‍ സമ്പാദ്യത്തിന്റെ പലിശകൊണ്ട് ജീവിക്കാമെന്നു തീരുമാനിച്ച വിന്‍സെന്റും ഭാര്യയും സമ്പാദിച്ചതെല്ലാം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു.
സിവില്‍ സ്റ്റേഷനു സമീപം വിന്‍സെന്റ് ചെറിയ തോതില്‍ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് നടത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെ താര അയര്‍ലൻഡില്‍ ജോലിക്കു പോയി. അധികം വൈകാതെ വിന്‍സെന്റും അയര്‍ലൻഡിലേക്കു മാറി.
കരുവന്നൂര്‍ ബാങ്കില്‍നിന്ന് ഏറെ നാളായി നിക്ഷേപത്തിന്റെ പലിശ പോലും ലഭിക്കുന്നില്ലെന്നുള്ളത് ഇവരെ വിഷമത്തിലാക്കി. സമ്പാദ്യമെല്ലാം നഷ്ടപ്പെടുമോ എന്നുള്ള ചിന്ത വന്നതോടെ ഡിപ്രഷന് മൂലം വിന്‍സെന്റ് രോഗാവസ്ഥയിലുമായി. ഇതിനിടയില്‍ രണ്ടു തവണ സ്ട്രോക്ക് വന്നു. ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സാമ്പത്തിക സഹായമഭ്യര്‍ഥിച്ചിരിക്കുകയാണ് കുടുംബം. ഇതിനു 12 ലക്ഷം രൂപയോളം ചെലവുവരും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ടി.എന്‍. പ്രതാപന് എംപി ഇടപെട്ടിട്ടുണ്ട്. അയര്‍ലൻഡിലെ മലയാളിസമൂഹവും സഹയങ്ങളുമായി രംഗത്തുണ്ട്. സംസ്കാരം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിൽ നടക്കും. മക്കള്‍- തുഷാര, അമൂല്യ, അഭയ. മരുമക്കള്‍: ശോഭന്‍, ടിന്റു.