ഓട്ടോ ഡ്രൈവര്‍ ജിനീഷിന്റെ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം
മകന്റെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കണ്ടെത്താനുള്ള ശ്രമം, ഈ കഷ്ടപ്പാടിനിടയിലും ജിനീഷിന്റെ കണ്ണ് മഞ്ഞളിച്ചില്ല
ഇരിങ്ങാലക്കുട: സ്വര്‍ണത്തേക്കാള്‍ പത്തരമാറ്റ് തിളക്കമാണ് ഓട്ടോ ഡ്രൈവര്‍ ജിനീഷിന്റെ സത്യസന്ധതക്ക്. രോഗബാധിതനായ തന്റെ മകന്റെ ചികിത്സക്ക് പണം കണ്ടെത്താന്‍ അലയുമ്പോഴും വഴിയരികില്‍ കിടന്ന അഞ്ചുപവന്‍ കണ്ട് കണ്ണ് മഞ്ഞളിച്ചില്ല. വീട്ടില്‍ കഷ്ടപ്പാടുകളേറെയുണ്ടെങ്കിലും സ്വര്‍ണം ഉടമസ്ഥന് തിരിച്ചേല്പിക്കാന് തന്നെ തീരുമാനിച്ചു. ഒടുവില്‍ അത് ഉടമസ്ഥന് തിരിച്ചേല്‍പിച്ചപ്പോഴാണ് ജിനീഷിനു മനസമാധാനമായത്. സ്വര്‍ണം നഷ്ടപ്പെട്ട ഇരിങ്ങാലക്കുട ഓടമ്പിള്ളി വീട്ടില്‍ നീമ ഭരതന് അത് തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ചതാണ്. അപ്പോഴാണ് ദൈവദൂതനെപോലെ ജിനീഷ് സ്വര്‍ണവുമായി പോലീസ് സ്റ്റേഷനിലെത്തിയത്. കടുപ്പശേരി തൊമ്മാന കിരുവാട്ടില് വീട്ടില്‍ ജിനീഷിനാണ് രണ്ടു ദിവസം മുമ്പ് ഇരിങ്ങാലക്കുട ഠാണാവില്‍ നിന്നും അഞ്ച് പവന്റെ സ്വര്‍ണമാല കളഞ്ഞു കിട്ടിയത്.
കിഡ്നി സംബന്ധമായ രോഗത്തിന് ഇരിങ്ങാലക്കുട ലിറ്റില്‍ ഫല്‍ര്‍ സ്കൂളില്‍ പഠിക്കുന്ന നാല് വയസുകാരനായ മകന് ആദികൃഷ്ണന്‍ ലക്ഷങ്ങള്‍ കണ്ടെത്താനുള്ള യത്നങ്ങളിലാണ് പത്തു വര്‍ഷങ്ങളായി ഓട്ടോ ഓടിക്കുന്ന ജിനീഷ്. 25 ലക്ഷം രൂപ മകന്റെ ചികിത്സക്ക് ചെലവ് വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അമ്മയും സഹോദരനും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബമാണ് ജിനീഷിന്റേത്. മനസ് പതറാതെ ഉറച്ച നിലപാട് എടുത്ത ജിനീഷ് സുഹൃത്തും നാട്ടുകാരനുമായ ബ്ലോക്ക് മെമ്പര്‍ അഡ്വ. ശശികുമാറിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാല നഷ്ടപ്പെട്ട ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് ഓടമ്പിള്ളി വീട്ടില്‍ നീമ ഭരതന് പോലീസ് സ്റ്റേഷനില്‍ വച്ച് മാല കൈമാറി. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് യോഗ പരിശീലനത്തിനായി നടന്നുപോകുന്നതിനിടയ്ക്കാണ് മാല നഷ്ടപ്പെട്ടതെന്നും കടുത്ത വിഷമത്തിലായിരുന്നുവെന്നും നീമ പറഞ്ഞു. പിതാവ് ബാലഗോപാലനും സ്റ്റേഷനില്‍ എത്തിയിരുന്നു.
സമൂഹത്തിന് മുന്നില്‍ സത്യസന്ധതയുടെ മഹത്തായ മാതൃകയായി ജിനീഷ് മാറുകയാണെന്നും മകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഇരിങ്ങാലക്കുട ജനമൈത്രി പോലീസും പങ്കാളികളാകുമെന്ന് സിഐ എന്‍.കെ. അനില്‍കുമാര്‍, ഗ്രേഡ് എസ്ഐ കെ.പി. ജോര്‍ജ് എന്നിവര്‍ അറിയിച്ചു.