ബസും ഡ്രൈവറും കുറവ് : കെഎസ്ആര്‍ടിസി ഉല്ലാസയാത്രകള്‍ റദ്ദാക്കി റദ്ദാക്കിയത് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള യാത്രകള്‍
ഇരിങ്ങാലക്കുട : മഹാനവമി, വിജയദശമി അവധിക്കാലത്ത് ഇരിങ്ങാലക്കുടയില്‍ നിന്ന് കെഎസ്ആര്‍ടിസി ഉല്ലാസയാത്രകള്‍ ഉണ്ടായില്ല. ബസുകളുടെയും ഡ്രൈവര്‍മാരുടെയും കുറവുമൂലം ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്ററില്‍നിന്ന് നിശ്ചയിച്ചിരുന്ന ഉല്ലാസയാത്രകള്‍ റദ്ദാക്കുകയായിരുന്നു. ഉല്ലാസയാത്രയ്ക്ക് ഹൈറേഞ്ചില്‍ ഓടിക്കാന്‍ പറ്റിയ ഫാസ്റ്റ് ബസുകളോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാത്തതാണ് തിരിച്ചടിയായത്. ഇതുമൂലം സാധാരണ സര്‍വീസുകള്‍ക്ക് പുറമേ അധിക ബാധ്യതയില്ലാതെ ലഭിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ലാഭം ഇല്ലാതെയായി.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പഞ്ചപാണ്ഡവ ക്ഷേത്രദര്‍ശനം, വയനാട്, വാഗമണ്‍, മൂന്നാര്‍ ജംഗിള്‍ സഫാരി, മലക്കപ്പാറ, ഗവി, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി നേരത്തെ ഉല്ലാസയാത്രകള്‍ നടത്തിയിരുന്നത്. തിരക്കേറിയ ബെംഗളൂരു സര്‍വീസില്‍ രണ്ട് ബസുകളില്‍ ഒരു സ്വിഫ്റ്റ് ബസ് തകരാറിലാണ്. ഒട്ടേറെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ സര്‍വീസ് വെട്ടിച്ചുരുക്കാന്‍ കഴിയാത്തതിനാല്‍ ആര്‍ടിസി നല്കിയ സൂപ്പര്‍ ഡീലക്സ് ബസുപയോഗിച്ചാണ് ഇപ്പോള്‍ കുറവ് നികത്തുന്നത്. ഇതിനുപുറമേ സര്‍വീസ് നടത്തിയിരുന്ന മറ്റ് രണ്ട് ബസുകള്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതോടെ ട്രിപ്പുകളെല്ലാം വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയിലാണ്. ബസുകളുടെയും ജീവനക്കാരുടെയും കുറവ് കാണിച്ച് രേഖാമൂലം അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കൂടുതല്‍ ബസുകളും ജീവനക്കാരെയും അനുവദിച്ചാലേ സര്‍വീസുകള്‍ പൂര്‍ണതോതില്‍ നടത്താനാകൂവെന്നും അവര്‍ പറഞ്ഞു. നിലവില്‍ അഞ്ച് ഡ്രൈവര്‍മാരുടെയും മൂന്ന് കണ്ടക്ടര്‍മാരുടെയും കുറവുണ്ട്. നേരത്തെ 22 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന ഇരിങ്ങാലക്കുടയില്‍നിന്ന് ഇപ്പോള്‍ 11 സര്‍വീസുകള്‍ മാത്രമാണുള്ളത്.