മുരിയാട് ഹരിതശ്രീ കോള്‍പ്പാടം; എങ്ങുമെത്താതെ മോട്ടോര്‍ ഷെഡ് നിര്‍മ്മാണം, ജില്ലാ പഞ്ചായത്ത് അനുവദിച്ച പമ്പ്സെറ്റ് തുരുമ്പെടുക്കുന്നു
മുരിയാട്: മോട്ടോര്‍ സ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച ഷെഡിന്റെ ഇനിയും പൂര്‍ത്തിയാകാത്തത് കര്‍ഷകര്‍ക്ക് തലവേദനയാകുന്നു. മുരിയാട് ഹരിതശ്രീ കോള്‍പ്പാടശേഖരത്തില്‍ കൃഷി നടത്തുന്നതിനായി രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച മോട്ടോര്‍ ഷെഡാണ് ഇനിയും പണി പൂര്‍ത്തിയാകാതെ നാല് തൂണില്‍ നില്‍ക്കുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച പമ്പ്സെറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികളില്ലാത്തതിനാല്‍ തുരുമ്പെടുത്ത അവസ്ഥയിലാണ്.
മുരിയാട് കായല്‍ മേഖലയില്‍ മോട്ടോര്‍ പമ്പ്സെറ്റില്ലാത്ത ഏക പാടശേഖരമാണ് ഹരിതശ്രീ. 160 ഏക്കര്‍ വരുന്ന ഈ പാടശേഖരത്തില്‍ 50 ഏക്കറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ കൃഷിയിറക്കുന്നത്. വെള്ളത്തിന്റെ ബുദ്ധിമുട്ടുമൂലം ഓരോ വര്‍ഷവും കൃഷിയിറക്കുന്ന കര്‍ഷകരുടെ എണ്ണം കുറയുകയാണ്. മഴ പെയ്താല്‍ കൊടകര ഭാഗത്തുനിന്നുള്ള വെള്ളം വന്ന് നിറയുന്നത് ഈ പാടശേഖരത്തിലാണ്. താഴ്ന്ന് കിടക്കുന്ന നിലമായതിനാല്‍ എളുപ്പം വെള്ളം നിറയുമെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ ഈ പാടശേഖരത്തില്‍ സംഭരിക്കപ്പെടുന്ന വെള്ളം കെഎല്‍ഡിസി കനാലിലേക്ക് പമ്പ് ചെയ്ത് കളയാന്‍ സൗകര്യമില്ലാത്തതിനാല്‍ കനാലില്‍ വെള്ളം കുറയാന്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
2017ലാണ് ജില്ലാ പഞ്ചായത്ത് 30 എച്ച്പിയുടെ വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് ഹരിതശ്രീ പാടശേഖരത്തിന് നല്‍കിയത്. 10 ലക്ഷം ജില്ലാ പഞ്ചായത്ത് വിഹിതവും 1.25 ലക്ഷം പാടശേഖരസമിതി ഉപഭോക്തൃ വിഹിതവുമായാണ് മോട്ടോര്‍ വാങ്ങിയത്. മുളം കായലില്‍ പിന്നീട് പമ്പ് സെറ്റ് സ്ഥാപിക്കാനുള്ള തറ മുരിയാട് പഞ്ചായത്ത് നിര്‍മ്മിച്ച് നല്കി. കരാറുകാര്‍ തമ്മിലുള്ള പ്രശ്നം മൂലം പമ്പ്സെറ്റ് സ്ഥാപിക്കുന്നത് നീണ്ടുപോയിരുന്നു.
ഈ വര്‍ഷം ആദ്യത്തിലാണ് കരാറുകാരന് പമ്പ്സെറ്റ് സ്ഥാപിച്ചത്. എന്നാല്‍ അതിലേയ്ക്കുള്ള കണക്കിന് കര്‍ഷകര്‍ തുക സംഭരിക്കേണ്ട അവസ്ഥയിലാണ്. ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ മോട്ടോറും മറ്റും തുരുമ്പെടുത്ത് റിപ്പയര്‍ ചെയ്യേണ്ട സ്ഥിതിയിലാണ്. ഇതിനും കര്‍ഷകര്‍ പണം ചെലവഴിക്കേണ്ട അവസ്ഥയിലാണ്. മുരിയാട് കായല്‍ പാടശേഖരം തരിശുരഹിതമാക്കുന്നതിന് ഹരിതശ്രീ കോളില്‍ കൃഷിയിറക്കണമെന്നും ഇക്കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടല്‍ നടത്തണമെന്നും കര്‍ഷര്‍ ആവശ്യപ്പെട്ടു.