നറുക്കെടുപ്പ് കഴിഞ്ഞു, വാര്‍ഡ് നഷ്ടമായ പ്രമുഖര്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നു
വിജയ സാധ്യത ഭയന്ന് പലരും പിന്മാറുവാനുള്ള ശ്രമത്തില്‍
ഇരിങ്ങാലക്കുട: നഗരസഭയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പല പ്രമുഖര്‍ക്കും സ്വാധീനമുള്ള വാര്‍ഡുകള്‍ നഷ്ടമായി. തെരഞ്ഞെടുപ്പ് അങ്കത്തിനിരങ്ങാന് ഒരുങ്ങി നിന്ന പലര്‍ക്കും പ്രതീക്ഷിച്ച വാര്‍ഡുകള്‍ നഷ്ടപ്പെട്ടുവെങ്കിലും വേറെ ചിലര്‍ക്ക് സ്വന്തം വാര്‍ഡുകളിലോ സമീപ വാര്‍ഡുകളിലോ സീറ്റ് ഉറപ്പിക്കുവാന്‍ സാധിച്ച നിലയിലാണ്. വാര്‍ഡുകള്‍ നഷ്ടപ്പെട്ടവരില്‍ ചിലര്‍ സമീപ വാര്‍ഡുകളില്‍ സീറ്റുറപ്പിക്കാനുള്ള നെട്ടോട്ടത്തിലുമാണ്. മറ്റു വാര്‍ഡുകളില്‍ വിജയ സാധ്യത കുറവാണെന്ന് വിലയിരുത്തിയവര്‍ മത്സര രംഗത്തേക്കിനിയില്ലെന്ന് ഉറപ്പിച്ച മട്ടിലുമാാണ്. സംവരണ വാര്‍ഡുകളുടെ നറുക്കടുപ്പ് കഴിഞ്ഞ തോടെ ഇതാണ് നഗരസഭയിലെ പലരുടെയും അവസ്ഥ. ഇരിങ്ങാലക്കുട നഗരസഭയില്‍ 41 വാര്‍ഡുകളാണുള്ളത്. 18 ജനറല്‍ വിഭാഗത്തിനും മൂന്നു പട്ടികജാതി വനിതാ വിഭാഗത്തിനും രണ്ടു പട്ടികജാതി ജനറല്‍ വിഭാഗത്തിനും 18 വനിത വിഭാഗത്തിനുമാണു നറുക്കെടുപ്പിലൂടെ സംവരണമായി വാര്‍ഡുകള്‍ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാര്‍ഡ് 31 (കാരുകുളങ്ങര) ഇത്തവണയും വനിതാ സംവരണ വാര്‍ഡാണ്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന വാര്‍ഡ് 22 (മുന്‍സിപ്പല്‍ ഓഫീസ്), പീച്ചാംപിള്ളികോണം (5) എന്നീ വാര്‍ഡുകള്‍ ഇത്തവണ പട്ടികജാതി ജനറല്‍ സംവരണ വാര്‍ഡാണ്. കഴിഞ്ഞ തവണ പട്ടികജാതി ജനറല്‍ സംവരണ വാര്‍ഡായിരുന്ന വാര്‍ഡ് 29 (കെഎസ്ആര്‍ടിസി) ഇത്തവണ വനിതാ സംവരണമാണ്. പട്ടികജാതി വനിതാ വിഭാഗത്തിന് ഫയര്സ്റ്റേഷന് (36), കുഴിക്കാട്ടുകോണം (10), പുറത്താട് (41) എന്നീ വാര്‍ഡുകളും പട്ടികജാതി ജനറല്‍ വിഭാഗത്തിന് പീച്ചാംപിള്ളികോണം (5), മുന്‍സിപ്പല്‍ ഓഫീസ് (22) എന്നീ വാര്‍ഡുകളുമാണ് നിശ്ചയിച്ചിരിക്കുന്നത്. മൂര്‍ക്കനാട് (1), ബംഗ്ലാവ് (2), കരുവന്നൂര്‍ സൗത്ത് (4), മാപ്രാണം ജംഗ്ഷന് (7), മാടായിക്കോണം സ്കൂള്‍ (8), നമ്പ്യാങ്ങാവ് ക്ഷേത്രം (9), ഗാന്ധിഗ്രാം (14), മഠത്തിക്കര (17), മാര്‍ക്കറ്റ് (19), കോളനി (20), കനാല്‍ ബെയ്സ് (21), കൂടല്‍മാണിക്യം ക്ഷേത്രം (25), ചേലൂര്‍ക്കാവ് (27), കെഎസ്ആര്‍ടിസി (29), സിവില്‍ സ്റ്റേഷന് (32), ബ്ലോക്ക് ഓഫീസ് (37), തളിയക്കോണം സൗത്ത് (38), കാരുകുളങ്ങര (31) എന്നീ വാര്‍ഡുകളാണ് വനിതാ സംവരണ വിഭാഗത്തിലുള്‍പ്പെടുന്നത്. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞതോടെ പലരും ആശയകുഴപ്പത്തിലാണ്. പലര്‍ക്കും മത്സരിക്കണമെങ്കില്‍ സ്വന്തം വാര്‍ഡില്‍ നിന്നും മാറി മറ്റു വാര്‍ഡുകളില്‍ അഭയം തേടേണ്ട അവസ്ഥയിലാണ്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചെയര്‍പേഴ്സനായ നിമ്യാ ഷിജുവിന്റെ വാര്‍ഡ് ജനറലായി മാറി. കഴിഞ്ഞ തവണ മൂന്നു വോട്ടുകള്‍ക്ക് വിജയിച്ച് കൗണ്‍സിലിലെത്തിയ മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുജ സജീവിന്റെ വാര്‍ഡ് ഇത്തവണയും വനിതാ സംവരണമായതിനാല്‍ സ്വന്തം വാര്‍ഡില്‍ സീറ്റുറപ്പിച്ച മട്ടാണ്. രണ്ടുതവണ വിജയിക്കുകയും കഴിഞ്ഞ തവണ ജനറല്‍ സീറ്റില്‍ നിന്നും വിജയിച്ച ഇടതു പക്ഷത്തെ അല്‍ഫോണ്‍സാ തോമാസിന്റെ നാലാം വാര്‍ഡ് ഇത്തവണ വനിതാ സംവരണ വിഭാഗത്തിനുള്ളതാണ്. അതിനാല്‍ ഈ വാര്‍ഡില്‍ നിന്നു തന്നെ മത്സരരംഗത്തുണ്ടാകുമെന്ന്് ഉറപ്പിച്ച നിലയിലാണ്. കഴിഞ്ഞ രണ്ട് തവണയായി കൗണ്‍സിലറായിരുന്ന ബിജെപിയുടെ സന്തോഷ് ബോബന് ആദ്യ തവണ മത്സരിച്ച കലാനിലയം വാര്‍ഡ് ഇത്തവണ ജനറല്‍ വിഭാഗത്തിനാണ്. പൊറത്തിശേരി പഞ്ചായത്തിനെ നഗരസഭയോട് കൂട്ടിചേര്‍ത്തതിനു ശേഷം ആദ്യമായി നടന്ന തെരഞ്ഞടുപ്പില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം വനിത സംവരണമായപ്പോള്‍ ചെയര്‍പേഴ്സണായ സോണിയ ഗിരി ആദ്യം മത്സരിച്ച ചേലൂര്‍ക്കാവ് വാര്‍ഡ് ഇപ്പോള്‍ വനിതാ സംവരണമായി മാറിയതോടെ ഈ വാര്‍ഡില്‍ നിന്നും ജനവിധി തേടാനാണ് ഏറെ സാധ്യത. മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.ആര്. ഷാജു മുമ്പു മല്‍സരിച്ച പോലീസ് സ്റ്റേഷന് വാര്‍ഡ് ജനറല്‍ വിഭാഗത്തിലായതോടെ ഇവിടെ നിന്നും മല്‍സരിക്കുന്ന കാര്യത്തിലും ഉറപ്പായ നിലയിലാണ്.