ഇരിങ്ങാലക്കുടയില്‍ റൂറല്‍ ആര്‍ടി ഓഫീസ് എന്നു തുടങ്ങും. ജോ. ആര്‍ടി ഓഫീസ് റൂറല്‍ ഓഫീസാക്കി ഉയര്‍ത്തണം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആസ്ഥാനമായി റൂറല്‍ ആര്‍ടി ഓഫീസ് തുടങ്ങണമെന്ന ആവശ്യത്തില്‍ ഇനിയും തീരുമാനമായില്ല. കൊടുങ്ങല്ലൂര്‍, ചാലക്കുടി ജോയിന്റ് ആര്‍ടി ഓഫീസുകളെ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടി ഓഫീസ് റൂറല്‍ ഓഫീസായി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആര്‍ടി ഓഫീസില്‍നിന്ന് നേരത്തേത്തന്നെ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയായിട്ടില്ല.
ഇരിങ്ങാലക്കുട ജോ. ആര്‍ടി ഓഫീസ് റൂറല്‍ ഓഫീസാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കും നിവേദനം നല്കി. ഇരിങ്ങാലക്കുട ആസ്ഥാനമായി റവന്യൂ ഡിവിഷന് ഓഫീസും റൂറല്‍ പോലീസ് ഓഫീസും വന്നിട്ടും റൂറല്‍ ആര്‍ടി ഓഫീസ് വേണമെന്ന ആവശ്യം ഇപ്പോഴും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
റൂറല്‍ ആര്‍ടി ഓഫീസ് വന്നാല്‍ ഇപ്പോള്‍ ജില്ലാ ഓഫീസിലുള്ള ജോലിഭാരം പകുതിയിലേറെയായി കുറയ്ക്കാനാകും. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ഓഫീസ് വന്നാല്‍ വാഹനഉടമകളുടെ ഇപ്പോഴത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാകുമെന്നാണ് ബസുടമകള്‍ പറയുന്നത്. നിലവില്‍ അതിരപ്പിള്ളിയിലും അഴീക്കോട്ടുമുള്ള വാഹന ഉടമകള്‍പോലും പെര്‍മിറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി തൃശൂര്‍ ആര്‍ടി ഓഫീസില്‍ പോകേണ്ട സ്ഥിതിയാണ്.
ഇത് സമയനഷ്ടവും ധനനഷ്ടവും ഉണ്ടാക്കുന്നുണ്ടെന്ന് വാഹനഉടമകള്‍ പറയുന്നു. ചാലക്കുടി, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍ ഭാഗങ്ങളില്‍നിന്നുള്ള കൂടുതല്‍ സര്‍വീസുകളും ഇരിങ്ങാലക്കുടയില്‍നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. റൂട്ടിലെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും മറ്റും പെട്ടെന്ന് ചര്‍ച്ചചെയ്യാനും പരിഹരിക്കാനും റൂറല്‍ ഓഫീസ് വന്നാല്‍ കഴിയും.