അച്ഛന്റെ ഓര്‍മ്മയ്ക്ക് മകളൊരുക്കിയ ആഗ്നിക വേറിട്ട അരങ്ങായി
ഇരിങ്ങാലക്കുട: രണ്ടുദശാബ്ദക്കാലത്തോളം ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ പ്രസിഡന്റായും ദീര്‍ഘകാലം നാടിന്റെ സാമൂഹ്യ സാംസ്കാരികരംഗങ്ങളില്‍ സജീവമായി ഇടപെട്ടും പ്രവര്‍ത്തിച്ച മനുഷ്യസ്നേഹിയായിരുന്ന എ. അഗ്നിശര്‍മ്മന്റെ സ്മരണക്കായി മകള്‍ ജ്യോതി ഒരുക്കിയ ആഗ്നിക വേറിട്ടൊരനുഭവമായി. സുവര്ണ്ണജൂബിലിയാഘോഷിച്ചു വരുന്ന കഥകളി ക്ലബ്ബിന്റെ അരങ്ങില്‍ യുവസംഗീതജ്ഞന് എന്‍. ജയകൃഷ്ണനുണ്ണിയുടെ കര്ണ്ണാടകസംഗീതക്കച്ചേരിയും, അനുസ്മരണപ്രഭാഷണവും രാവണവിജയം കഥകളിയും ഒരുക്കിയാണ് സ്മര്യപുരുഷന് മകള്‍ തിലോദകമര്പ്പിച്ചത്.
ശാന്തിനികേതന്‍ പബ്ലിക് സ്കൂളങ്കണത്തില് വൈകീട്ട് നടന്ന കച്ചേരിയില്‍ ഡോ. എന്‍. സമ്പത്ത് വയലിനിലും, എ. ബാലകൃഷ്ണക്കമ്മത്ത് മൃദംഗത്തിലും പക്കമേളമൊരുക്കി. തുടര്‍ന്ന് പ്രഫ. ആര്. ജയറാം അനുസ്മരണപ്രഭാഷണം നടത്തി. സന്ധ്യക്ക് നടന്ന കഥകളിയില്‍ ഏവൂര്‍ രാജേന്ദ്രന്‍പിള്ള രാവണനായും, കലാമണ്ഡലം ആദിത്യന് (ജൂനിയര്‍) ദൂതനായും, ഫാക്ട് ബിജു ഭാസ്കര്‍ രംഭയായും വേഷമിട്ടു. കലാമണ്ഡലം മോഹനകൃഷ്ണന്, കലാമണ്ഡലം രാജേഷ് ബാബു എന്നിവര്‍ സംഗീതത്തിലും, കോട്ടയ്ക്കല്‍ പ്രസാദ് ചെണ്ടയിലും, കോട്ടയ്ക്കല്‍ രാധാകൃഷ്ണന് മദ്ദളത്തിലും അകമ്പടിയേകി. കലാമണ്ഡലം രവികുമാര്‍ ചുട്ടികുത്തി. കലാമണ്ഡലം മനേഷ്, നാരായണന്‍കുട്ടി, കലാനിലയം ജയശങ്കര്‍ എന്നിവര്‍ അണിയറസഹായികളായി. ഇരിങ്ങാലക്കുട ശ്രീപാര്‍വ്വതി കലാകേന്ദ്രം ചമയമൊരുക്കി.