ഓള് ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 786 ാം റാങ്ക് നേടി ഗംഗ ഗോപി, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാനം

ഗംഗ ഗോപി.
ഇരിങ്ങാലക്കുട: ഓള് ഇന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ 786 ാം റാങ്ക് നേടി ഗംഗ ഗോപി വിജയിക്കുമ്പോള്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിനും എന്‍സിസി യൂണിറ്റിനും ഇത് അഭിമാനത്തിന്റേയും ആഹ്ലാദത്തിന്റേയും നിമിഷങ്ങളാണ്. കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളായ ഗംഗ 2017 19 കാലഘട്ടത്തിലാണ് സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നത്. പഠനകാലത്ത് എന്‍സിസി യൂണിറ്റിലെ സജീവ പ്രവര്‍ത്തനം കാഴ്ചവച്ച ഗംഗ, പ്രളയകാലത്തെ സേവന പ്രവര്‍ത്തനങ്ങള്‍, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വമാണ്.
ആദിവാസികളുടെ ശാസ്ത്ര സാങ്കേതിക അറിവുകളുടെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ ഒരു പഠനം, കവളപ്പാറ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്കല് തുടങ്ങിയ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കലാലയത്തില്‍ എന്‍സിസി നടത്തിയത് ഗംഗയുടെയും മറ്റും നേതൃത്വത്തിലായിരുന്നു. തൃശൂരിലെ സ്കൂള്‍ കലോത്സവകാലത്തും പരംവീര്‍ചക്ര ജേതാവ് കലാലയത്തിലെത്തിയപ്പോള്‍ സംഘാടനത്തിന്റെ മുന്‍നിരയിലും ഉണ്ടായിരുന്ന ഗംഗയെ കേണല്‍ പദ്മനാഭന് ഓര്‍മ്മിച്ചെടുക്കുന്നത് മികവുറ്റ സംഘാടകയായിട്ടാണ്. മൂത്രത്തിക്കര സ്വദേശിയായ ഗംഗ, നല്ലൊരു എഴുത്തുകാരിയും കോളേജിലെ മാഗസിന് എഡിറ്ററുമായിരുന്നു. ഗായത്രി ഗോപി സഹോദരിയാണ്.