നാട്യശാസ്ത്രത്തിന് യുനെസ്കോ അംഗീകാരം; ആഹ്ളാദം പ്രകടിപ്പിച്ച് യുവനര്‍ത്തകരും നടീനടന്മാരും

നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവരസ സാധനശില്പശാല.
ഇരിങ്ങാലക്കുട: ഭാരതീയ അഭിനയ പദ്ധതിയായ നാട്യശാസ്ത്രം യുനെസ്കോയുടെ മെമ്മറി ഓഫ് വേള്‍ഡ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് യുവനര്‍ത്തകരും നടീനടന്മാരും. നടനകൈരളിയില്‍ നടക്കുന്ന 124മത് നവരസ സാധനശില്പശാലയില് ഇന്ത്യയുടെ നാനാഭാഗത്തുനിന്ന് എത്തിയിട്ടുള്ളവരാണിവര്. ഗുരു വേണുജിയുടെ നേതൃത്വത്തില്‍ നാട്യശാസ്ത്രത്തിലധിഷ്ഠിതമായി നടക്കുന്ന അഭിനയ പരിശീലന കളരിയാണ് നവരസ സാധന ശില്പശാല. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തു നിലവില്‍ വന്ന സ്വരവായു എന്ന അഭിനയ പരിശീലന സമ്പ്രദായത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 2005ലാണ് നവരസ സാധനയ്ക്ക് രൂപം നല്‍കുന്നത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും സിങ്കപ്പൂരിലെ ഇന്റര്‍ കള്‍ച്ചറല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും നടനകൈരളിയിലുമായി മൂവായിരത്തോളം പേരെ നവരസ സാധന അഭ്യസിപ്പിച്ചിട്ടുണ്ട്. കപിലാ വേണു, മീരാ ശ്രീനാരായണന്, കനി കുസൃതി, റിമാകല്ലിങ്കല്‍, നവ്യനായര്‍ എന്നിവര്‍ക്ക് പുറമെ ആദില്‍ ഹുസൈന്, സന്ധ്യ മൃദുല്‍, ഇഷ തല്‍വാര്‍ എന്നിവരൊക്കെ പരിശീലനം നേടിയിട്ടുണ്ട്.