പൈപ്പിടാന്‍ കുഴിച്ച കുഴി വാഹനങ്ങള്‍ക്ക് വാരിക്കുഴി

ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനില്‍ റോഡിന് കുറുകെ കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയില്‍ മിനിലോറി താഴ്ന്ന നിലയില്‍.
ഠാണാ ജംഗ്ഷനിലെ വാരികുഴിയില്‍ വീണത് ടിപ്പറും മിനി ലോറിയും, ഗതാഗതക്കുരുക്കില്‍ നഗരം
ഇരിങ്ങാലക്കുട: ഠാണാ ജംഗ്ഷനില്‍ പൈപ്പിടന് എടുത്ത കുഴി വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും വാരികുഴിയായി മാറി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഠാണാ ജംഗ്ഷനില്‍ ചാലക്കുടി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം രാത്രി കുടിവെള്ള വിതരണത്തിനായുള്ള പൈപ്പിട്ടത്. റോഡ് നിര്‍മാണം തുടങ്ങുമ്പോള്‍ കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാനാണ് മുന്‍കൂട്ടി പൈപ്പുകള്‍ സ്ഥാപിച്ചത്. രാത്രി നടന്ന പണിക്കു ശേഷം കുഴിയെടുത്ത ഭാഗം ഉറപ്പിക്കാതെ മണ്ണിട്ടുമൂടുക മാത്രമാണ് കെഎസ്ടിപി അധികൃതര്‍ ചെയതത്.
ഇതിനു മുകളിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടയറുകള്‍ താഴ്ന്ന് കുടുങ്ങുകയായിരുന്നു. ഇന്നലെ രണ്ടു വാഹനങ്ങളുടെ പിന്‍ചക്രങ്ങളാണ് ഈ കുഴിയില്‍ കുടുങ്ങിയത്. രാവിലെ കുടുങ്ങിയ വാഹനം ഏറെ നേരം കഴിഞ്ഞാണ് മറ്റൊരു ലോറിയില്‍ കയറിട്ട് വലിക്കുകയായിരുന്നു. ഉച്ചക്ക് ഒരുമണിയോടെ മുവാറ്റുപുഴയില്‍ നിന്നും ചാവക്കാട്ടേക്കു കുടിവെള്ളവുമായി പോകുന്ന വാഹനം കുഴയില്‍ കുരുങ്ങിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടയിരുന്ന പോലീസുക്കാരനും സമീപത്തെ വ്യാപാരികളും നാട്ടുക്കാരും ഏറെ പണിപ്പെട്ടെങ്കിലും കുഴിയില്‍ നിന്നും വാഹനം കയറ്റുവാന്‍ സാധിച്ചില്ല.
ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നാലുമണിയോടെ കെഎസ്ടിപി അധികൃതര്‍ തന്നെ ജെസിബി കൊണ്ടുവന്ന് വാഹനത്തെ കുഴിയില്‍നിന്നും കയറ്റുകയായിരുന്നു. ഈ സമയം ഠാണാ ജംഗ്ഷനില്‍ ഏറെനേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇതോടെ നഗരത്തില്‍ എല്ലായിടത്തും ഗതാഗതം താറുമാറായി. കനത്തമഴയില്‍ റോഡില്‍ ചെളി നിറഞ്ഞതോടെ സ്കൂട്ടര്‍ യാത്രികരും തെന്നി വീണു. ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ജംഷനായിട്ടും അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നു ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
