സീറ്റ് വിഭജനം, എൽഡിഎഫിൽ ധാരണ, യുഡിഎഫിൽ അനിശ്ചിതത്വം.
നഗരസഭയിൽ ആര് ? അരയും തലയും മുറുക്കി മൂന്നു മുന്നണികളും
ഇരിങ്ങാലക്കുട: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിക്കലെത്തിയ സാഹചര്യത്തിൽ ഘടകകക്ഷികളുമായുള്ള ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി. യുഡിഎഫിൽ അവസാന ഘട്ടത്തിലുമാണ്. ഘടകകക്ഷികളുമായി ധാരണയിലെത്തിയ വാർഡുകളിൽ സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള അവനസാന ഘട്ട ശ്രമമാണു ഇടതുപക്ഷം ഇപ്പോൾ നടത്തുന്നത്. എന്നാൽ ഘടകകക്ഷികളുടെ ആവശ്യങ്ങൾക്കു കാര്യമായ പരിഗണന നൽകേണ്ടതില്ലെന്ന നിലപാടാണു കോൺഗ്രസ് നേതൃത്വത്തിനുള്ളത്. കോൺഗ്രസിൽ ഗ്രൂപ്പ് തിരിഞ്ഞ് ഓരോ വാർഡിലും സ്ഥാനാർഥികൾ മത്സരരംഗത്തേക്കു തയാറെടുക്കുമ്പോൾ എൽഡിഎഫിൽ സീറ്റു വിഭജനം പൂർത്തിയായെങ്കിലും സ്ഥാനാർഥികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കാര്യമായ തർക്കളൊന്നും ഇല്ലാതെയാണു എൽഡിഎഫ് സീറ്റു വിഭജനം പൂർത്തിയായത്. സിപിഎം 26 സീറ്റിലും സിപിഐ 10 സീറ്റിലും കേരള കോൺഗ്രസ് (ജോസ് കെ. മാണി വിഭാഗം) രണ്ടു സീറ്റിലും ജനതാദൾ രണ്ടു സീറ്റിലും ജനതാദൾ സെക്കുലർ ഒരു സീറ്റിലും മൽസരിക്കുവാനാണു ധാരണ. ടൗണിൽ ആറും പൊറത്തിശേരി പഞ്ചായത്തു പ്രദേശത്ത് നാലും സീറ്റുകളാണു സിപിഐക്കു നല്കുക. ടൗണിൽ ബോയ്സ് സ്കൂൾ, ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, മുനിസിപ്പൽ ഓഫീസ്, ബസ് സ്റ്റാൻഡ്, ചേലൂർക്കാവ് എന്നീ ആറു വാർഡുകളും പൊറത്തിശേറി മേഖലയിൽ സിവിൽ സ്റ്റേഷൻ, ബംഗ്ലാവ്, കരുവന്നൂർ സൗത്ത്, മാപ്രാണം എന്നീ നാലു വാർഡുകളുമാണു സിപിഐക്കു നല്കുന്നത്. ജനതാദളിനു ആശുപത്രി, പൂച്ചക്കുളം എന്നീ വാർഡുകൾ നല്കും. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു ചാലാംപാടം, മാർക്കറ്റ് എന്നീ വാർഡുകളും ജനതാദൾ സെക്കുലറിനു ക്രൈസ്റ്റ് കോളജു വാർഡും നൽകുവാനാണു യോഗത്തിൽ ധാരണയായിട്ടുള്ളത്. സീറ്റുകൾ ധാരണ വന്നതോടെ സ്ഥാനാർഥികളെ കണ്ടെത്തി അടുത്ത ദിവസം തന്നെ പ്രചരണത്തിനു ഇറങ്ങുവാനൊരുങ്ങുകയാണു എൽഡിഎഫ്.
വരുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം ഉണ്ടാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നഗരസഭയിൽ ലഭിച്ചിരുന്ന പല വാർഡുകളും നഷ്ടപ്പെടുമോയെന്ന ആശങ്കയാണു മൂന്നു മുന്നണികൾക്കുമുള്ളത്. എന്നാൽ മൂന്നു മുന്നണികളും സീറ്റ് വർധിക്കും എന്നാണു അവകാശപ്പെടുന്നത്. എങ്ങിനെയെങ്കിലും വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ എൽഡിഎഫ് മെനയുമ്പോൾ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണു കോൺഗ്രസ്. ഇതിനായി പൊതുസമ്മതരായ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനും സ്ത്രീകളെ മത്സര രംഗത്തെത്തിക്കുന്നതിനും രാഷ്ട്രീയ നേതാക്കൾ ശ്രമം തുടങ്ങി. യുവാക്കൾക്ക് വേണ്ടത്ര പ്രാധാന്യം നൽകി പരിഗണിക്കണമെന്ന് അഭിപ്രായമുയർന്നിട്ടുണ്ടെങ്കിലും നിലവിൽ കൗൺസിലർമാരായുള്ളവർക്കും മൂന്നു മൽസര രംഗത്ത് നിന്നും മാറിനിന്ന കൗൺസിലർമാർക്കും സീറ്റ് നൽകിയാൽ പുതുമുഖങ്ങൾക്കു സാധ്യത ഉണ്ടാകില്ലെന്നാണു പറയപ്പെടുന്നത്. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുപ്പായം തയ്പ്പിച്ച പലരും ഇക്കുറി നിരാശരാകും. എങ്ങനെയെങ്കിലും നഗരസഭ ഭരണം പിടിച്ചെടുക്കുക എന്നതാണു എൽഡിഎഫ് ലക്ഷ്യം വെക്കുന്നത്. സീറ്റുകളെ സംബന്ധിച്ച് ധാരണകളായെങ്കിലും വിജയസാധ്യത നോക്കിയാണു സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്. ഇക്കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ പൊതുസമ്മതരായ വ്യക്തികളെ പരിഗണിക്കുമ്പോൾ കൂടുതൽ സ്ഥാനാർഥികൾ പാർട്ടി പിന്തുണക്കുന്ന സ്വതന്ത്രൻമാരാകാനാണു സാധ്യത. മുനിസിപ്പാലിറ്റിയിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാൻ കരുതലോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോസ് വിഭാഗം കേരള കോൺഗ്രസും ജനതാദളും യുഡിഎഫിന് കനത്ത തലവേദന സൃഷ്ടിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കോൺഗ്രസിന്റെ സ്ഥാനാർഥികളെ തീരുമാനിച്ചീട്ടില്ലെങ്കിലും എല്ലാ വാർഡുകളിൽനിന്നും വിജയ സാധ്യതയുള്ള രണ്ടും മൂന്നും പേരുകൾ പട്ടികയിലുണ്ട്. ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. വിജയ സാധ്യതയുള്ള സീറ്റുകളിൽ ഘടകകക്ഷികളുടെ അവകാശവാദം തള്ളണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. ഘടകകക്ഷികൾ അവകാശപ്പെടുന്ന സീറ്റുകളിലും കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം നടക്കുന്നുണ്ട്നിലവിൽ 19 കൗൺസിലർമാർ വീതം യുഡിഎഫിനും എൽഡിഎഫിനും ഉണ്ട്. മൂന്നു കൗൺസിലർമാർ ബിജെപ്പിക്കും. ഇതാണ് നഗരസഭയിലെ സ്ഥിതി. വിമത ശല്യം ഉണ്ടാകാതിരിക്കാൻ ഇരുമുന്നണികളും പ്രത്യക്ഷത്തിൽ പരിശ്രമിക്കുന്നുണ്ടെങ്കിലും വിമതശല്യം തള്ളികളയാനാകും എന്നു വിശ്വസിക്കാൻ സാധ്യമല്ല. സ്ഥാനാർഥികളെ യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ളവരുടെ മൗനാനുവാദത്തോടെ ചിലർ സജീവമായി വീടുകൾതോറും കയറിയിറങ്ങി വോട്ടുപിടുത്തം ആരംഭിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞു.
.