മുരിയാട് പഞ്ചായത്തില്‍ 13-ാം വാർഡിൽ മുടിച്ചിറയോടു ചേര്‍ന്ന റോഡ് തകര്‍ന്നു
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തില്‍ വാര്‍ഡ് 13 ല്‍ മുടിച്ചിറയോടു ചേര്‍ന്ന റോഡ് തകര്‍ന്നു. ചിറയുടെ തെക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങളാണു കഴിഞ്ഞ ദിവസം വൈകീട്ട് തകര്‍ന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 35 ലക്ഷവും പഞ്ചായത്തിന്റെ നഗരസഞ്ചയിക ഫണ്ടില്‍ നിന്നുള്ള 39 ലക്ഷവും ഉപയോഗിച്ച് മുടിച്ചിറയുടെ നവീകരണ പ്രവൃത്തികള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ചെങ്കിലും കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വന്നതോടെ പണികള്‍ നിറുത്തി വെച്ചിരിക്കുകയായിരുന്നു. റോഡും ഇടിഞ്ഞ് അപകടാവസ്ഥയില്‍ ആയതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന്, ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന്, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു നിയുക്ത എംഎല്‍എ പ്രഫ. ആര് ബിന്ദു അറിയിച്ചു